
സ്വന്തം ലേഖകൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ നഗരമധ്യത്തിൽ സ്ഥാപിച്ച അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർന്നു.
പ്രതിഷേധക്കാർ കൂറ്റർ വെങ്കല പ്രതിമ ഇളക്കിയെടുത്ത് ഹാർബറിൽ താഴ്ത്തുകയായിരുന്നു. തകർത്തു നിലത്തിട്ട പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ച സമരക്കാർ അമേരിക്കയിൽ ഫ്ലോയിഡിനെതിരെ അരങ്ങേറിയ അതിക്രമത്തിനോടുള്ള ജനരോഷം വ്യാപിക്കുകയാണെന്ന സൂചനയാണ് നൽകിയത്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഡ്വേർഡ് കോൾസ്റ്റൺ റോയൽ ആഫ്രിക്കൻ കമ്പനിയിലെ ഉദ്യോഗസഥ പ്രമുഖനായിരുന്നു. ആഫ്രിക്കയിൽനിന്നും സ്ത്രീകളും കുട്ടികളും അടക്കം എൺപതിനായിരത്തിലധികം പേരെയാണ് അടിമകളാക്കി കോൾസ്റ്റൺ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അടിമ വ്യാപാരത്തിലൂടെയും പുകയില കച്ചവടത്തിലൂടെയും കോടിശ്വരനായ ഇയാൾ ഒടുവിൽ പൊതുപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും ഒടുവിൽ പാർലമെന്റംഗവുമായാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്.
ലണ്ടൻ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ നഗരങ്ങളിലും തന്നെ പകൽ സമയം സമാധാനപരമായി പ്രതിഷേധിച്ചവർ പലേടത്തും വൈകുന്നേരമായതോടെ അക്രമാസക്തരായി. 27 പൊലീസുകാർക്കാണ് വിവിധ അക്രമങ്ങളിൽ പരുക്കേറ്റത്.പാർലമെന്റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്രെ പ്രതിമയിൽ പ്രതിഷേധക്കാർ വംശവെറിയൻ എന്ന് എഴുതി. നിരവധി സ്ഥലങ്ങളിൽ റോഡ് കൈയേറിയും പ്രതിഷേധക്കാർ പ്രശ്നമുണ്ടാക്കി. ലണ്ടനിൽ ദേശീയ പതാകവരെ കത്തിക്കാൻ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൂട്ടം കൂടുന്ന പ്രതിഷേധക്കാർ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ ചെയ്ത പ്രവർത്തികളെല്ലാം വൃഥാവിലാക്കുമെന്ന ആശങ്കയും വ്യാപകമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 287,399 പേർക്കാണ് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 40,597 ആയി ഉയരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല