
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറെ മുന്നിലാണ് ഡല്‍ഹി. ഡല്‍ഹിയിലെ 27,654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,664 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 761 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് ,ഡൽഹി, ഗുജറാത്ത് എന്നിവയാണ് നാല് സംസ്ഥാനങ്ങൾ.
ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരേയും സൗത്ത് ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്‌സ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
നേരത്തെ ബി.ജെ.പി ദേശീയവക്താവ് സാംപാത്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുര്‍ഗാവിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടിരുന്നു.
അതേസമയം ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 7,235,413 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 409,508 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3,564,103 പേര്‍ രോഗവിമുക്തരായി.
20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്. ബ്രസീലില്‍ 7,10,887 പേരും റഷ്യയില്‍ 4,76,658 പേരും രോഗബാധിതരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല