
സ്വന്തം ലേഖകൻ: സൌദിയിൽ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. റിയാദ്, ജിദ്ദ, ദമാം സെക്ടറിൽനിന്ന് കേരളത്തിലേക്കു ശരാശരി 950 റിയാലിനു പകരം 1750 റിയാൽ വരെയാക്കിയിരുന്നു.
നിരക്ക് വർധന വ്യാപകമായ പ്രതിഷേധമാണ് പ്രവാസ ലോകത്ത് ഉയർത്തിയത്. ഇതാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്. അധികമായി ഈടാക്കിയ തുക യാത്രക്കാർക്ക് തിരിച്ചുനൽകിവരുന്നു.
സൌദി സെക്ടറിൽ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചത് ആശ്വാസകരമെന്നു പ്രവാസികൾ പ്രതികരിച്ചു. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർധിപ്പിച്ചിരുന്നു. ഇന്നു ദമാമിൽനിന്നു കോഴിക്കോട്ടേക്കു മടങ്ങുന്നതിനായി കഴിഞ്ഞ ദിവസം ടിക്കറ്റെടുത്ത മലപ്പുറം സ്വദേശിക്കു നിരക്കു കുറച്ചതിനെത്തുടർന്നു ബാക്കി തുക തിരികെ ലഭിച്ചതായി യാത്രക്കാരൻ പറഞ്ഞു.
നിരക്കു വർധിപ്പിച്ചതോടെ ചാർട്ടേഡ് വിമാനങ്ങളേക്കാൾ ടിക്കറ്റ് തുക, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റിനു നൽകേണ്ട അവസ്ഥയായിരുന്നു പ്രവാസികൾക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല