
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരവേ നേപ്പാള്‍ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാളിന്റെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.
നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രീയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഭരണഘടനയുടെ മൂന്നാം പട്ടിക ഭേദഗതി ചെയ്യുന്നതിനായി കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
275 അംഗ പ്രതിനിധി സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബില്‍ പാസാക്കുന്നതിന് വേണ്ടിയിരുന്നത്. ഈ ബില്‍ ഇനി ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയക്കും. അവിടേയും ഇതേ പ്രക്രിയ ആവര്‍ത്തിക്കും. ദേശീയ അസംബ്ലിയില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന് രണ്ട് ഭൂരിപക്ഷമുണ്ട്. ബില്ലില്‍ ഭേദഗതി അവതരിപ്പിക്കുന്നതിന് ദേശീയ അസംബ്ലി അംഗങ്ങള്‍ക്ക് 72 മണിക്കൂറുകള്‍ നല്‍കും.
ദേശീയ അസംബ്ലി പാസാക്കുന്ന ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ നേപ്പാള്‍ ഭരണഘടനയുടെ ഭാഗമാകും പുതിയ ഭൂപടവും ദേശീയ ചിഹ്നവും.
ജൂണ്‍ ഒമ്പതിനാണ് പാര്‍ലമെന്റ് ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കേ പുതിയ രാഷ്ട്രീയ ഭൂപടത്തിനുള്ള അംഗീകാരം തേടാന്‍ തീരുമാനിച്ചത്. പിറ്റേന്ന് സര്‍ക്കാര്‍ ഈ ഭൂപടത്തിനെ പിന്തുണയ്ക്കുന്ന ചരിത്രപരമായ വസ്തുകളും തെളിവുകളും തേടുന്നതിന് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു. എന്നാല്‍ ഈ ഭൂപടം അവതരിപ്പിക്കുകയും കാബിനറ്റ് അംഗീകരിക്കുകയും ചെയ്തശേഷം ഇത്തരമൊരു സംഘത്തെ രൂപീകരിച്ചതിനെ നയതന്ത്രജ്ഞരും വിദഗ്ദ്ധരും ചോദ്യം ചെയ്തിരുന്നു.
മെയ് എട്ടിന് ഉത്തരഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാര്‍ചുലയേയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. തങ്ങളുടെ ഭൂപ്രദേശത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് ആരോപിച്ച് നേപ്പാള്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളി.
തന്ത്രപ്രധാനമായ മൂന്ന് മേഖലകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം നേപ്പാള്‍ പുതിയ രാഷ്ട്രീയ, ഭരണ ഭൂപടങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടേതാണെന്ന നിലപാടിലാണ് ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല