
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. യുഎസ്സില്‍ വിപണി വീണ്ടും തുറന്നതും വലിയ കാരണമായിട്ടുണ്ട്.
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഇപ്പോഴും പാലിക്കാന്‍ തയ്യാറായിട്ടില്ല. ടെക്‌സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. ഇവിടെയെല്ലാം ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. ഇനിയും രോഗികള്‍ക്ക് നല്‍കാന്‍ കിടക്കകളുടെ സൗകര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
യുഎസ് വിപണി തുറന്നത് രണ്ടാം തരംഗത്തിന് വഴിയൊരുക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം ആഗോള വിപണിയെയും കൊറോണയുടെ തിരിച്ചുവരവ് ബാധിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും കൊവിഡ് ടെസ്റ്റിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നുണ്ട്. പലയിടത്തും ഐസിയു കിടക്കകളുടെ വലിയ ക്ഷാമം അനുവഭപ്പെടുന്നുണ്ട്. ഇത് മരണനിരക്ക് വര്‍ധിപ്പിക്കാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു.
മൂന്ന് ദിവസം തുടര്‍ച്ചയായി ടെക്‌സസില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് കരോലിനയില്‍ വെറും 13 ശതമാനം ഐസിയു കിടക്കകളാണ് ബാക്കിയുള്ളത്. അത്രയ്ക്കും കേസുകളാണ് ഇവിടെയുള്ളത്. ഹൂസ്റ്റണില്‍ എന്‍എഫ്എല്‍ സ്റ്റേഡിയം ആശുപത്രിയാക്കാനുള്ള തയ്യാറെടുപ്പിലാണ് മേയര്‍. അരിസോണയിലാണ് റെക്കോര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്നത്. 1291 പേരെയാണ് ആശുപത്രികളില്‍ എത്തിച്ചിരിക്കുന്നത്. ഐസിയു കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അരിസോണ. നാലില്‍ മൂന്ന് കിടക്കകളും ഇവിടെ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
അതേസമയം കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീണ്ടും കൊവിഡ് തിരിച്ചെത്തുമോ എന്ന ആശങ്ക ബാക്കിയാണ്. ന്യൂയോര്‍ക്കിന്റെ കാര്യത്തില്‍ അത്തരമൊരു ആശങ്ക നിലവിലുണ്ട്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് പറഞ്ഞിട്ടും ഇവര്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തയ്യാറല്ല. അരിസോണി. ഉട്ട, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലെല്ലാം കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
പുതിയ കേസുകളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കൊണ്ട് കൂടുതല്‍ കേസുകള്‍ ഒഴിവാക്കാനാവാത്തതായി മാറിയെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. ഫ്‌ളോറിഡ, അര്‍ക്കന്‍സാ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ അതിഭീകരമായ തോതിലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്.
അതിനിടെ എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യുഎസ് നീങ്ങുന്നത്. വിസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും.
ഒക്ടോബര്‍ ഒന്നിന് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന സമയത്ത് വിസ പുതുക്കുന്നത് നിര്‍ത്താനാണ് നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വിസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പുതിയ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ നിലവില്‍ യുഎസിലുള്ളവരെ ഇതു ബാധിച്ചേക്കില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ഉറപ്പ് വരുത്തുന്നതിന് കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവെച്ച വിവിധ ആശയങ്ങള്‍ ഭരണകൂടം പരിഗണിച്ചു വരികയാണെന്നും ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല