
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്. 311 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 9000 കടന്നു. മുംബൈയില്‍ കൊവിഡ് ബാധിച്ച് നാല് പൊലീസുകാര്‍ കൂടി മരിച്ചു. ഒരു എഎസ്ഐയും മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരുമാണ് മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ 20,000 ത്തോളം ബെഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കാന്‍ ദല്‍ഹി സര്‍ക്കാര്‍. കല്യാണ ഹാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് അടിയന്തരമായി സൗകര്യങ്ങളൊരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നത്.
80 കല്യാണ ഹാളുകളിലായി 11000 ബെഡുകള്‍ ഒരുക്കാനാണ് പദ്ധതി. ഇവയെ നഴ്‌സിംഗ് ഹോമുകളുമായി ബന്ധിപ്പിക്കും. 40 ഹോട്ടലുകളിലായി 4000 ബെഡുകളും ഒരുക്കും. ഇവയെ സ്വകാര്യ ആശുപത്രികളുമായും ബന്ധിപ്പിക്കും.
ഇതുവരെ ദല്‍ഹിയില്‍ 38,000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ജൂലൈ അവസാനമാകുമ്പോഴേക്കും കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷമായേക്കാമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ദല്‍ഹിയില്‍ ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ ദല്‍ഹിയിലെ സ്ഥിതി ഭയാനകമാണെന്ന് സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. മൃഗങ്ങളെപോലെയാണ് ദല്‍ഹിയില്‍ കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളും എയിംസ് ഡയരക്ടര്‍ രണ്‍ദീപ് ഗുലേറിയയും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല