
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.
ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് ആഡംബര കപ്പലുകളിലെ 496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും ജീവനക്കാർക്കായി കമ്പനി നൽകുന്നുണ്ട്.
അതിനിടെ ബ്രിട്ടനിലെ പൊതുഗതാഗത യാത്രക്കാർ നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന പുതിയ നിയമം ഇന്നു മുതൽ പ്രാബല്യത്തിലായി. ജനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂവായിരത്തിലധികം അധിക ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുണ്ട്.
മാസ്‌ക് ഇല്ലാത്ത യാത്രക്കാരോട് ധരിക്കാൻ ആവശ്യപ്പെടും, നിരസിച്ചാൽ 100 പൗണ്ട് പിഴ ഈടാക്കും. ചില ആരോഗ്യ സ്ഥിതിയിലുള്ള ആളുകൾ, വികലാംഗർ, 11 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ലക്ഷക്കണക്കിന് സൗജന്യ മാസ്‌കുകൾ വിതരണം ചെയ്യും. ആശുപത്രി സന്ദർശകരും ഔട്ട്‌പേഷ്യന്റുകാരും മാസ്‌ക് ധരിക്കണം.
ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭം കൂടുതൽ രാജ്യങ്ങളിലേക്ക്
അതിനിടെ അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടന് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ 3500 പേർ പങ്കെടുത്തു. ന്യൂസിലൻഡിലെ ഓക്‌ലൻഡ് വെല്ലിങ്ടണിലും പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലാക് ലൈവ്സ് മാറ്റർ ബാനർ പ്രദർശിപ്പിച്ചാണ് ദക്ഷിണ കൊറിയയിലെ സോളിൽ യുഎസ് എംബസി സമരക്കാരെ വരവേറ്റത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ വീണ്ടും ആഫ്രോ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതോടെയാണ് അന്തര്‍ദേശീയ തലത്തില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല