1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2020

സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ച 745 പേരിൽ 368 പേർ പ്രവാസികളാണ്.
സൌദി പ്രവാസികൾ ആശങ്കയിൽ

സൌദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ എംബസി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് അറുപതിനായിരത്തിലേറെ പേരാണ്. നാലായിരത്തോളം പേര്‍ മാത്രമാണ് ഇവരില്‍ നാടണഞ്ഞത്. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. അപ്രായോഗികമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ്എല്ലാവരും.

‌നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരിലെ എട്ടര ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയത്. യുഎഇക്ക് 130 വിമാനങ്ങള്‍ കിട്ടിയപ്പോള്‍ വന്ദേഭാരതില്‍‌ 21 വിമാനങ്ങളാണ് ആകെ സൌദിക്ക് ലഭിച്ചത്. ഇവര്‍ക്കാശ്രയമായിരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ഉത്തരവ് സൌദിയിലെ സാഹചര്യത്തില്‍ അപ്രായോഗികമാകും. ഇതോടെ യാത്ര മുടങ്ങുമെന്ന ഭീതിയിലാണ് ടിക്കറ്റെടുത്തവര്‍.

സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസമാണ് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചത്. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്നും എംബസി അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്കും കൊവിഡ് ടെസ്റ്റ് ബാധകമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനിരിക്കയാണ് കേരളം.

യുഎഇയും കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് യുഎഇയും കൊവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കിയേക്കുമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ പറക്കുന്നത് യു എ ഇയിൽ നിന്നാണ് എന്നതിനാൽ തീരുമാനം നൂറുകണക്കിന് പ്രവാസികളുടെ മടക്കയാത്ര അവതാളത്തിലാക്കും. ഈമാസം തന്നെ നൂറിലധികം ചാർട്ടർ വിമാനങ്ങളാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.