
സ്വന്തം ലേഖകൻ: കൊവിഡ്-19 പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റേയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നിലപാട് തേടി. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. കേസിൽ കേന്ദ്ര സർക്കാരിനേയും മെഡിക്കൽ കൗൺസിലിനേയും കക്ഷി ചേർത്തു. നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കേരളത്തിൽ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
ഖത്തറിൽ മാത്രം 300 വിദ്യാർഥികളുണ്ടെന്നും ജെഇഇ മെയിൻ പരീക്ഷയ്ക്ക് വിദേശത്ത് സെന്ററുകൾ അനുവദിച്ചിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് 23 ന് കോടതി പരിഗണിക്കും. ജൂലൈ 26 നാണ് മെഡിക്കൽ പ്രവേശന പരീക്ഷ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല