
സ്വന്തം ലേഖകൻ: രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടനിൽ കടകൾ തുറന്നപ്പോൾ രാവിലെ മുതൽ പല കടകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. പല ഷോപ്പിംങ് സെന്ററുകളിലേക്കും മാളുകളിലേക്കുമുള്ള വഴികൾ വലിയ ട്രാഫിക് കുരുക്കിനും ഇരയായി. പല കടകളും അമ്പതു ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് കസ്റ്റമേഴ്സിനെ വരവേറ്റത്.
രാജ്യത്ത് ഇന്നലെ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 28 പേർ ഇംഗ്ലണ്ടിലും നാലുപേർ വെയിൽസിലുമാണ് മരിച്ചത്. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻർഡിലും കൊവിഡ് മരണങ്ങൾ ഉണ്ടായില്ല. ഞായറാഴ്ചയും 36 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നോട്ടിങ്ഹാമില്‍ നിന്നും എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ടെത്തിച്ച മലയാളി പ്രസാദ് ദാസ് മരണത്തിന് കീഴടങ്ങി. കാന്‍സര്‍ രോഗം ബാധിച്ചു നോട്ടിങ് ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പ്രസാദിന്റെ ആഗ്രഹം സാധിക്കാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നാട്ടിലേക്കയച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രസാദിനു അസുഖം കുറഞ്ഞതായിരുന്നു. എന്നാൽ വീട്ടിൽ വിശ്രമത്തില്‍ കഴിയവേ പെട്ടെന്ന് അസുഖം മൂര്‍ച്ഛിക്കുകയും മിംസ് ആശുപത്രിയില്‍ വച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തു. പിറന്നാള്‍ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രസാദിനെ തേടി മരണമെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല