
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
അതിനിടെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടതായി സൂചന. വാര്‍ത്താ ഏജന്‍സിയാ എ.എന്‍.ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം ഇതു സംബന്ധിച്ച് ചൈനീസ് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക ( പി.എല്‍.എ) വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ മരണ വിവരം പറയുന്നില്ല. ചൈനീസ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ഒരു എഡിറ്ററും ചൈനീസ് ഭാഗത്തും അപകടം പറ്റിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ മരണ വിവരത്തില്‍ ഇവരും നിശ്ബദരാണ്.
ചൈനീസ് സൈന്യം സ്ഥാപിച്ച ഒരു ടെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ജൂണ്‍ 15 തിങ്കളാഴ്ച ഗല്‍വാന്‍ നദീ താഴ്‌വരയില്‍ ചൈനീസ് സൈന്യം കെട്ടിയ ടെന്റ് പൊളിക്കാനായി പോയതായിരുന്നു ഇന്ത്യന്‍ സേനാഗംങ്ങള്‍.
ജൂണ്‍ ആറിന് ഇരു സേനയിലെയും ലഫ്റ്റനന്റ് ജനറല്‍ ഓഫീസര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ടെന്റ് പൊളിക്കാന്‍ ധാരണയായിരുന്നു. ഇന്ത്യന്‍ സേനയിലെ കേണല്‍ ബി.എല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സേന ആക്രമിച്ചതിനു പിന്നാലെയാണ് ഇരു വിഭാഗവും തമ്മില്‍ ശാരീരികാക്രമണങ്ങളിലേക്ക് തിരിഞ്ഞത്. ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് ഇരു വിഭാഗവും തമ്മില്‍ ആക്രമിക്കുകയായിരുന്നു.
തര്‍ക്കത്തിനിടെ ഇരു വിഭാഗത്തിലെയും സേനകള്‍ ഗല്‍വാന്‍ നദിയില്‍ വീഴുകയായിരുന്നു. കനത്ത തണുപ്പ് സ്ഥിതിഗതികള്‍ വഷളാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സംഘര്‍ഷം ആറ് മണിക്കൂറോളം നീണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല