
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടഡ് വിമാനങ്ങൾ 17 മുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ് മാൻ അറിയിച്ചു. 10,000 പേർക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് ചാർട്ടേർഡ് വിമാനങ്ങളൊരുക്കുന്നത്. യുഎഇയുടെ എല്ലാ ഭാഗത്തു നിന്നും നാട്ടിലേക്കു യാത്രയാഗ്രഹിക്കുന്നവർക്കു ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കാനാണ് പദ്ധതി.
കോഴിക്കോട് വിമാനത്താവളത്തിൽ 50ഉം കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിൽ 10 വീതവുമാണു സർവീസുകൾ. ഫ്ലൈ ദുബായ്, എയർഅറേബ്യ, സ്പൈസ് ജെറ്റ്, ഗോ എയർ വിമാനങ്ങൾ ദുബായ് അബുദാബി, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുമാണ് പുറപ്പെടുക. ആദ്യഘട്ടത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി പുറപ്പെട്ട 16 വിമാങ്ങളിലായി 3000 പേർക്ക് നാട്ടിലെത്താനായി. യാത്രക്കാരിൽ സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാത്തവരിൽ നിന്നും നിശ്ചിത നിരക്ക് ഈടാക്കിയും 20 ശതമാനം സീറ്റുകൾ നിർധനരായവർക്കു സംവരണം ചെയ്തുമാണ് സംഘടന വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും രോഗികളും ഗർഭിണികളുമായവരെയും അടിയന്തര സാഹചര്യങ്ങളിൽ ഉള്ളവരെയും നാട്ടിലെത്തിക്കുന്നതിനാണ് കെഎംസിസി വിമാനങ്ങൾ ചാർട്ട് ചെയ്തു യാത്രാസൗകര്യം ഒരുക്കിയത്. കേന്ദ്ര ഗവൺമെന്റിന്റെ വന്ദേഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കാനാവുക വളരെ കുറച്ചാളുകളെ മാത്രമാണെന്ന യാഥാർഥ്യവും നാട്ടിലെത്താൻ കാത്തിരിക്കുന്നവരുടെ എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞതുമാണു കെഎംസിസി വിമാനങ്ങൾ ചാർട്ടർ ചെയ്തു യാത്രാസൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.
യുഎഇയിലേക്ക് അനുവദിക്കുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംസിസി വീണ്ടും കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ വിമാനങ്ങൾ ചാർട്ട് ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണു കെഎംസിസിയുടെ തീരുമാനം. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 100 വിമാന സർവീസുകൾ നടത്തി 30,000 ത്തോളം പേരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല