
സ്വന്തം ലേഖകൻ: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ആന്‍റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു.
ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ എംബസി തന്നെ ഇടപെട്ടത് ആശ്വാസകരവും ശുഭപ്രതീക്ഷ നല്‍കുന്നതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്നും 25 മുതൽ ഇത് നിർബന്ധമാക്കിയാൽ മതിയെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
സുപ്രീം കോടതി വിധിയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പ്രവാസികള്‍ക്ക് ബാധകമല്ല. അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരാണെന്നും എന്നാല്‍ പ്രവാസികള്‍ കേരളത്തിലേക്ക് വരുന്നവരാണെന്നും അവര്‍ നമ്മുടെ നാടിന്‍റെ ഭാഗമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രൂനാറ്റ് ടെസ്റ്റ് എന്ന അപ്രായോഗിക കടമ്പ ഉയർത്തി നാട്ടിലേക്കുള്ള യാത്ര തടയുക മാത്രമാണു കേരള സർക്കാരിന്റെ ലക്ഷ്യമെന്ന നിലപാടിലാണ് പ്രവാസികൾ. ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളും ഈ പരിശോധന അംഗീകരിച്ചിട്ടില്ല; പിസിആർ (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) ടെസ്റ്റിനു മാത്രമാണ് അംഗീകാരമുള്ളത്. സംസ്ഥാന സർക്കാർ വെറുതേ ആവശ്യം ഉന്നയിച്ചാൽ ഗൾഫ് രാജ്യങ്ങൾ ട്രൂനാറ്റ് ടെസ്റ്റിന് അംഗീകാരം നൽകില്ല. കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടർന്ന് നയതന്ത്ര ഇടപെടലിലൂടെ അതതു രാജ്യത്തെ ആരോഗ്യ വകുപ്പുകളുടെ അനുമതി നേടിയാലേ സാധ്യമാകൂ. അനുമതി ലഭിക്കാനാകട്ടെ ഒരു മാസമെങ്കിലുമെടുക്കും. ഇതിനു പുറമേ, വിമാനത്താവളങ്ങളിൽ ഈ ടെസ്റ്റ് നടത്താൻ അതതു വിമാനത്താവള അധികൃതരുടെ അനുമതി ഓരോ വിമാനക്കമ്പനികളും നേടണം.
ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്) അംഗീകരിച്ച ട്രൂനാറ്റ് ടെസ്റ്റിന്റെ കൃത്യത സംബന്ധിച്ച് ആശങ്കയുള്ളതിനാലാണു മറ്റു രാജ്യങ്ങൾ ഇവ അംഗീകരിക്കാത്തത്. ഒരു പ്രദേശത്ത് കോവിഡ് വ്യാപകമായി ബാധിച്ചോ എന്നറിയാനാണു ട്രൂനാറ്റ് ടെസ്റ്റ് ഫലപ്രദമാകുക. പക്ഷേ, ഒട്ടേറെപ്പേരെ കുറഞ്ഞ സമയത്തിനകം പരിശോധിക്കണമെങ്കിൽ അതിനനുസരിച്ചു മെഷീനും വിദഗ്ധരും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല