
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 400,566 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 13,030 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ രോഗവ്യാപനം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ വർധിപ്പിക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
ഡൽഹിയിൽ റാപിഡ് ആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി. ഇന്നലെ 12,680 പേരെ പരിശോധിച്ചപ്പോൾ 951 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 54,000 കടന്നു. ആകെ പോസിറ്റീവ് കേസുകൾ 54,449ഉം മരണം 666ഉം ആയി. ചെന്നൈയിൽ ആകെ രോഗബാധിതർ 38,327 ആണ്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 3137 പോസിറ്റീവ് കേസുകളും 66 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 53116ഉം മരണം 2035ഉം ആയി. അഞ്ച് ദിവസം കൊണ്ടാണ് 40000ൽ നിന്ന് 50000 കടന്നത്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 26,198 ആണ്. ഇതുവരെ 1619 പേർ മരിച്ചു. ഹരിയാനയിൽ 525 പേർക്കും തെലങ്കാനയിൽ 499 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര വിമാന സര്‍വീസിന്റെ കാര്യം തീരുമാനമായില്ല
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീതിയുടെ പശ്ചാതലത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ മെയ് 25 മുതല്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാനസര്‍വീസിന് അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസിന് ഇനിയും സമയമെടുക്കും എന്നാണ് വ്യോമയാന മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ മന്ത്രി പറഞ്ഞു. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല