1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: നോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ദുബായ് നഗരം. സഞ്ചാരികൾ ക്വാറന്റീനിൽ കഴിയേണ്ടെങ്കിലും കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന അംഗീകൃത റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിക്കണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ പിസിആർ (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) പരിശോധനാ റിപ്പോർട്ട് ആയിരിക്കണം. പരിശോധന നടത്തിയിട്ടില്ലെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം.

ഇതിന്റെ ഫലം വരുംവരെ ക്വാറന്റീനിൽ കഴിയേണ്ടിവരും. റിപ്പോർട്ട് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്കു വിധേയമാക്കും. മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായും വേണം. ക്വാറന്റീനും ചികിത്സയ്ക്കുമുള്ള ചെലവ് സ്വയം വഹിക്കുമെന്ന സമ്മതപത്രവും ഒപ്പിട്ടു നൽകണം.Covid-19 DXB ആപ്പും ഡൗൺലോഡ് ചെയ്യണം. ഇതുവഴി വ്യക്തിഗത വിവരങ്ങൾ അധികൃതർക്കു കൈമാറാം. അറിയിപ്പുകളും ഇതു വഴി ലഭിക്കും.

ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുതിയ സ്നേഹമുദ്രണം. കൊവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി. നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം എന്ന് മുദ്രണം ചെയ്ത പ്രത്യക ലേബലാണ് ജിഡിആർഎഫ്എ പുറത്തിറക്കിയത്. ഇതു ദുബായിൽ എത്തുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ പതിച്ചു നൽകും.

കോവിഡിനെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബായ് വിമാനത്താവളങ്ങളിലൂടെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ദുബായ് വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്കുള്ള എല്ലാ വിനോദ സഞ്ചാരികളെയും സന്ദർശകരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ രണ്ടാമത്തെ രാജ്യത്ത് എല്ലായ്‌പ്പോഴും സ്വീകരിക്കുന്നതിനും ഉന്നത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി നടപടിക്രമങ്ങൾ സുഗമമാക്കാൻ സേവനസന്നദ്ധരാണെന്നും അൽ മറി വ്യക്തമാക്കി.

ദുബായ് വിമാനത്താവളങ്ങളിലെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാൻ ഒരുങ്ങികഴിഞ്ഞുവെന്ന് ജിഡിആർഎഫ്എ-ദുബായിലെ പോർട്ട്സ് അഫയേഴ്‌സ് ജനറൽ ഡയറക്ടർ അസി. ബ്രി. തലാൽ അഹ്മദ് അൽ ഷാൻകിതി അറിയിച്ചു. .വിമാനങ്ങൾ പുനരാരംഭിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇത് സാമ്പത്തിക, നിക്ഷേപ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.