1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനവും മരണ നിരക്കും കുത്തനെ ഉയരുന്നത് തുടരുകയാണ്. 32 ലക്ഷം പിന്നിട്ടിരിക്കുകയാണ് അമേരിക്കയില്‍ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം. മരണ സംഖ്യ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പിന്നിട്ടു. പതിനേഴ് ലക്ഷത്തി അമ്പത്തി അയ്യായിരം കടന്ന് കുതിക്കുകയാണ് ബ്രസീലിലെ രോഗബാധിതരുടെ എണ്ണം. മരണ സംഖ്യയാകട്ടെ അറുപത്തി ഒന്‍പതിനായിരം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്നിയ, ചിലി, കുവൈത്ത്, നോര്‍ത്ത് മാസിഡോണിയ, മല്‍ഡോവ, ഒമാന്‍, പനാമ, പെറു, ഡോമിനികന്‍ റിപബ്ലിക് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

ബൊളീവിയയിലെ ഇടക്കാല പ്രസിഡന്‍റ് ജെനിന്‍ അനെസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലാറ്റിന്‍ അമേരിക്കന്‍ ഭരണാധികാരിയാണ് ജെനിന്‍ അനെസ്. ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പോസിറ്റീവായതായി ജെനിന്‍ അനെസ് തന്നെയാണ് ട്വിറ്ററിലൂടെ രാജ്യത്തെ അറിയിച്ചത്.

താന്‍ ആരോഗ്യവതിയാണെന്നും ഐസൊലേഷനില്‍ ഇരുന്ന് ജോലി ചെയ്യുമെന്നും അവര്‍ ട്വീറ്റ് ചെയ്‍തു. താന്‍ 14 ദിവസം ക്വാറന്‍റൈനിലായിരിക്കുമെന്നും അതിനുശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയായകുമെന്നും 53കാരിയായ അനെസ് ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു.

ചൈനാ അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന അമേരിക്കയുടെ വിമര്‍ശനത്തിന് പിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രത്യേക സമിതിക്ക് ഡബ്ല്യുഎച്ച്ഒ രൂപം നല്‍കി. മുന്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കും മുന്‍ ലൈബീരിയന്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ സര്‍ലീഫും സമിതിയുടെ തലവന്മാരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഗ്രീക്കില്‍ അടുത്തയാഴ്ച്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ലോകത്ത് ഇതുവരെ 1.23 കോടിയിലേറെ ആളുകളാണ് കൊവിഡ് ബാധിതരായത്. അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്‍ടമായി. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇന്ന് 213 രാജ്യങ്ങളിലാണ് പടരുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.