
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകധനികരിൽ ആറാം സ്ഥാനത്ത്. 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ റാങ്കിങ് അനുസരിച്ചാണിത്.
70.1 ബില്യൺ ഡോളർ ആസ്തി നേടിയതോടെ പ്രമുഖ യുഎസ് നിക്ഷേപകനായ വാറന്‍ ബഫറ്റിനെ കഴിഞ്ഞയാഴ്ച മുകേഷ് റാങ്കിങ്ങിൽ പിന്തള്ളിയിരുന്നു. 69.7 ബില്യൺ ഡോളറാണ് വാറന്‍ ബഫറ്റിന്റെ ആസ്തി. ടെക് ഭീമൻ ഇലോൺ മസ്കിനേയും (ആസ്തി 68.8 ബില്യൺ ഡോളർ) ആൽഫബെറ്റ് ഇൻകോർപറേറ്റിന്റെ സഹസ്ഥാപകരായ സെർഗി ബ്രിന്നിനേയും(7-ാം സ്ഥാനം) ലാറി പേജിനേയും(9-ാം സ്ഥാനം) ലോകറാങ്കിങ് പട്ടികയിൽ ഇന്ത്യൻ വ്യവസായ പ്രമുഖൻ മറികടന്നു.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് പട്ടികയിൽ പ്രഥമസ്ഥാനത്തുള്ളത്. 184 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 115 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്തുണ്ട്.
മാർച്ചിൽ നേരിയ ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആഗോള കമ്പനികളായ ഫെയ്സ്ബുക്ക്, സിൽവർ ലെയ്ക്ക്, ക്വാൾകോം എന്നീ കമ്പനികളുടെ നിക്ഷേപമെത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലകുതിച്ചു. ഇതോടെയാണ് അംബാനിയുടെ ആസ്തിയില്‍വന്‍ വര്‍ധനവുണ്ടായത്.
ബ്ലൂംബെർഗ് റാങ്കിങ്ങിൽ ആദ്യ അമ്പത് പേരിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. 16.9 ബില്യൺ ഡോളർ ആസ്തിയുമായി വിപ്രോ കമ്പനി ചെയർമാനായ അസിം പ്രേംജി 77-ാം സ്ഥാനത്തുണ്ട്. എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ 89-ാം സ്ഥാനത്തും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 129-ാം സ്ഥാനത്തുമായി പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല