
സ്വന്തം ലേഖകൻ: യുഎഇ സമയം ഇന്ന് പുലർച്ചെ 1.58ന് യുഎഇയുടെ സ്വന്തം ചൊവ്വാ പര്യവേഷണ പേടകം ജപാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ വിക്ഷേപണത്തിലെ കൌതുകമായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു.
മിറ്റ്സുബിഷി H-IIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അൽ അമൽ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന് പിന്നിൽ 200 സ്വദേശി യുവശാസ്ത്രജ്ഞരുടെ 6 വർഷത്തിലേറെയായുള്ള പ്രയത്നമാണുള്ളത്. 7 മാസത്തിലേറെ സമയമെടുത്ത് അടുത്ത വർഷം ഫെബ്രുവരിയോടെയാണ് പേടകം ചൊവ്വാ ഭ്രമണപഥത്തിൽ എത്തുക.
വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൌണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ് സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന വെല്ലുവിളിയാണ് ഈ ഘട്ടത്തിൽ ശാസ്ത്രജ്ഞർക്ക് നേരിടാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല