
സ്വന്തം ലേഖകൻ: ഗോവ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഇന്ത്യയുടെ സ്വന്തം കൊവിഡ്-19 വാക്സിൻ മനുഷ്യർക്ക് നൽകാൻ പോകുകയാണ്. മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് നീക്കം. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കോവാക്സിൻ മനുഷ്യ പരീക്ഷണങ്ങൾക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന 12 സ്ഥാപനങ്ങളിൽ ഒന്നാണ് നോർത്ത് ഗോവയിലെ പെർനെം താലൂക്കിലുള്ള റെഡ്കർ ഹോസ്പിറ്റൽ.
ഗോവയിൽ നിന്ന് പത്ത് വോളന്റിയർമാരെയാണ് പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്. കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ ഞായറാഴ്ചയാണ് എയിംസ് എത്തിക്കല്‍ കമ്മറ്റി അനുമതി നല്‍കിയത്. ഇന്ത്യന്‍ കൗണ്‍ലില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അഥവാ ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറയുന്നത് രാജ്യത്ത് വികസിപ്പിച്ചു വരുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനായ കോവാക്‌സിന്‍ (Covaxin) പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15നോ അതിനു മുൻപോ പോലും ഇറക്കാനാകുമെന്നാണ്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നുമെന്നുമാണ് വിവരം.
മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിച്ച് പുറത്തുവരിക.
തങ്ങളുടെ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേ സമയം വാക്‌സിന്‍ എന്ന് വിപണിയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല