1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.

ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള വിക്ടോറിയയാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്. പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 39 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേസുകൾ നെഗറ്റീവായവർ: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂർ ആറ്, പാലക്കാട് 39.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകൾ പരിശോധിച്ചു. 1,62,444 പേർ നിരീക്ഷണത്തിലാണ്. 8277 പേർ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 8056 പേർ ചികിത്സയിലുണ്ട്.

ആകെ ഇതേവരെ 3,08,348 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 7410 റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 10,942 സാമ്പിളുകൾ ശേഖരിച്ചതിൽ 96,547 നെഗറ്റീവായി. 353 ഹോട്ട്സപോട്ടുകളാണ് കേരളത്തിൽ നിലവിലുള്ളത്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 187 സിഎഫ്എൽടിസികളിലായി 20,406 കിടക്കകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

743 സിഎഫ്എൽടിസികളാണ് ജൂലൈ 23-നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ കിടക്കളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും, ലാൻഡ് ലൈനും, ഇന്‍റർനെറ്റും ഉണ്ടാകും. ഓരോയിടത്തും ആംബുലൻസ് ഉണ്ടാകും. ഐസൊലേഷനിൽ ഉള്ളവർക്ക് ശുചിമുറിയുള്ള മുറി ലഭിക്കും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ മുറി, നഴ്സ് മുറി, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും. ഇവിടെ സെമി പെർമനന്‍റ് ശുചിമുറി ഏർപ്പെടുത്തും. രോഗലക്ഷണം ഇല്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് രോഗം പകരാം. സമൂഹവ്യാപനത്തിലേക്ക് എത്താം. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. ഇവർ ഫസ്റ്റ് ലൈൻ ട്രീറ്റ്‍മെന്‍റ് കേന്ദ്രത്തിൽ പോകണം. നെഗറ്റീവായാൽ തിരികെ വീട്ടിലെത്തിക്കും.

കേരളത്തിൽ ആകെ ഒരു ടെസ്റ്റിംഗ് കേന്ദ്രമാണ് ആകെ ഉണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 59, സ്വകാര്യ മേഖലയിൽ 51 എന്നിങ്ങനെ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇപ്പോഴുണ്ട്. ഇപ്പോൾ ആന്‍റിബോഡി, ആന്‍റിജൻ, ട്രൂനാറ്റ് ടെസ്റ്റുകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കൊവിഡ് ഫീസ് നിശ്ചയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകൾ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനൽകി.

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലർ നടത്തുന്നു. രോഗികളുടെ എണ്ണം മനഃപ്പൂർവ്വം കുറച്ചെന്നും ഇപ്പോൾ കൂടുന്നുവെന്നുമാണ് പരാതി. ഇവർ യാഥാർത്ഥ്യം മനസിലാക്കുന്നില്ല. എത്ര ആവർത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല.

കൊവിഡ് മഹാമാരി പടർന്നുപിടിക്കാൻ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങൾ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. മഹാമാരിക്ക് വലിയ നാശം വിതയ്ക്കാവുന്ന നിരവധി ഘടകങ്ങൾ കേരളത്തിലുണ്ട്. രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളിൽ 0.33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നർത്ഥം. ദില്ലിയിലെ നിരക്ക് ഇത് മൂന്ന് ശതമാനമാണ്. തമിഴ്നാട്ടിൽ 1.5 ശതമാനമാണ്. മഹാരാഷ്ട്രയിൽ 3.8 ശതമാനമാണ്. ഗുജറാത്തിൽ 4.4 ശതമാനവും കർണ്ണാടകയിൽ 2.1 ശതമാനവുമാണ്.

ഇന്നലെ 36,806 കേസും 596 മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ ഇന്നലെ 4985 കേസും 70 മരണവും റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിൽ 3648 കേസുകളും 72 മരണവും റിപ്പോർട്ട് ചെയ്തു. ഈ സമയത്തും കേരളത്തിൽ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയർത്തിയ പ്രതിരോധത്തിന്‍റെ മികവാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റുകൾ നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റാണ് നമ്മൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ അഞ്ച്, ദില്ലിയിൽ ഏഴ്, തമിഴ്നാട്ടിൽ 11, മഹാരാഷ്ട്രയിൽ പതിനേഴുമാണ്.

കേരളം ടെസ്റ്റിൽ പുറകിലാണെന്ന് പറയുന്നത് തെറ്റാണ്. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തുന്നുവെന്നതാണ് പ്രധാനം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കേരളം കാണിച്ച കരുതലിന്‍റെയും ജാഗ്രതയുടെയും ഗുണഫലമാണ് കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതി വിശേഷം. ജനുവരി 30-നാണ് കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അടിയന്തിര മുന്നറിയിപ്പ് നൽകിയത്.

കേരളം ജനുവരി ആദ്യം തന്നെ പ്രശ്ന സാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധം തുടങ്ങി. അതുകൊണ്ടാണ് വുഹാനിൽ നിന്ന് വന്ന ആദ്യത്തെ കേസുകൾ കണ്ടെത്തിയത്. സെക്കന്‍ററി കോണ്ടാക്ടുകൾ പിന്തുടരുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. അത്രമാത്രം ശ്രദ്ധയും അധ്വാനവും ഇതിൽ കേരളം അർപ്പിച്ചിട്ടുണ്ട്. നമ്മൾ കാണിച്ച ജാഗ്രതയും തയ്യാറെടുപ്പും ലോകത്ത് വളരെ ചുരുക്കം ഇടങ്ങളേ സ്വീകരിച്ചിട്ടുള്ളൂ.

സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. ഇതിൽ18 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. തിരുവനന്തപുരത്ത് 151 പോസിറ്റീവ് കേസിൽ 137 ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കേസുമുണ്ട്. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പൊതുജനത്തിന് കൊവിഡുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നതിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഇതര രോഗ ചികിത്സ വീടുകളിൽ ലഭ്യമാക്കുന്നുണ്ട്. ഇതിന് ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തി.

കൊല്ലം ജില്ലയിൽ 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സ കേന്ദ്രം തുറന്നു. പത്തനംതിട്ടയിൽ 20 പേർക്കാണ് സമ്പർക്ക രോഗബാധ. ജില്ലയിൽ 1010 റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 76 പേർക്ക് രോഗം കണ്ടെത്തി. പത്തനംതിട്ടയിലെ വലിയ ക്ലസ്റ്റർ പത്തനംതിട്ട നഗരസഭയാണ്.

കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളിൽ നിന്ന് സമ്പർക്ക പട്ടിക ഉയരുന്നത് ആശങ്കയാണ്. ആലപ്പുഴയിൽ 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഇന്ന് ഉണ്ടായത്. ചേർത്തല താലൂക്ക്, കായംകുളം മുനിസിപ്പാലിറ്റിയിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളും കണ്ടെയ്ൻമെന്‍റ് സോണാണ്. കോട്ടയം ജില്ലയിൽ 34 പേർക്കാണ് സമ്പർക്ക രോഗബാധ. ചങ്ങനാശ്ശേരി മാർക്കറ്റ് മേഖലയിലാണ് സമ്പർക്കം കൂടുതൽ. ഇവിടെ 16 തദ്ദേശ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ൻമെന്‍റ് സോണുകളുണ്ട്.

എറണാകുളത്ത് 80 ൽ 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. മൂന്ന് ആരോഗ്യപ്രവർത്തകരും ഉറവിടം അറിയാത്ത ഒൻപത് പേരുമുണ്ട്. ചെല്ലാനത്തും ആലുവയിലുമാണ് കൂടുതൽ രോഗികൾ. ജില്ലയിൽ രോഗം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടെ ക്യാംപുകൾ ആരംഭിക്കും. ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കും. ബ്രോഡ്‍വേ മാർക്കറ്റ് തുറക്കും. പകുതി കടകളേ ഒരു ദിവസം തുറക്കൂ.

തൃശ്ശൂരിൽ 485 പേർക്ക് ആന്‍റിജൻ പരിശോധന നടത്തി. ഇതിൽ ഒരാൾ മാത്രമാണ് പോസിറ്റീവ്. പാലക്കാട് 36 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗമുണ്ടായി. പട്ടാമ്പിയിൽ ഒരാളിൽ നിന്ന് നൂറോളം പേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പ്രദേശത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 18 ന് 67 പേർക്കും, 19 ന് 39 പേർക്കും രോഗബാധ ഇവിടെ കണ്ടെത്തി.

മലപ്പുറത്ത് 61 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 23 രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത ആറ് പേരുണ്ട്. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിർത്തികളും അടക്കും.

വയനാട് ജില്ലയിൽ സമ്പർക്കം 19 പേർക്ക്. തൊണ്ടർനാട് സ്വദേശികളാണ്. ഇവിടം ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. രോഗബാധിതർ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് തുടങ്ങി. കൊവിഡ് മുക്തരായ ഏഴ് പേർ ആദ്യ ദിവസം പ്ലാസ്മ നൽകാനെത്തി.

കോഴിക്കോട് ഇന്ന് 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ജില്ലയിൽ എല്ലാ ഹോട്ടലുകളിലും പാർസൽ മാത്രമേ അനുവദിക്കൂ. കണ്ണൂർ ബിഎസ്ഇ ക്ലസ്റ്റിൽ 29 പേർക്ക് രോഗബാധയുണ്ടായി. ജില്ലയിൽ പൊലീസിനെ സഹായിക്കാൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിക്കും. വീട് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സ്പെഷൽ സ്ക്വാഡിന്‍റെ ചുമതല.

കാസർകോട് ജില്ലയിൽ 40 പേരിൽ 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. കർണ്ണാടക അതിർത്തി പഞ്ചായത്തുകളിൽ രോഗവ്യാപനം രൂക്ഷമാകുന്നു.

മത്സ്യത്തൊഴിലാളികളെ സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്നാണ് ഇവിടെ പലരും പ്രചരിപ്പിക്കുന്നത്. പ്രവാസികളോടും ഇത് ചെയ്തെന്ന് നേരത്തേ ഇക്കൂട്ടർ തന്നെ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഈ ഘട്ടത്തിൽ രൂപപ്പെട്ട ക്ലസ്റ്ററുകൾ തീരദേശത്താണ്. രോഗം വരുന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ഇവിടെ ആളുകൾ അടുത്തിടപഴകുന്നു. ഈ ഭീഷണി നേരത്തെ മുന്നിൽ കണ്ടാണ് സർക്കാർ മത്സ്യലേലത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ലോക്ക്ഡൗണിന്‍റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമൂഹമാണ് തീരദേശത്തേത്. രോഗവ്യാപനം ഉണ്ടാകുമ്പോൾ സാധ്യമായതെല്ലാം ചെയ്യേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. അതിനാലാണ് നിയന്ത്രണം കടുപ്പിച്ചത്. അതിനാൽത്തന്നെയാണ് ഇവിടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കിയതും.

തിരുവനന്തപുരത്ത് വർധിച്ച തോതിൽ രോഗബാധ ഉണ്ടായപ്പോൾ സർക്കാർ ഇടപെട്ടു. ഇതിനിടയിൽ പൂന്തുറയുടെ പേര് പറഞ്ഞത് പ്രദേശത്തെ അപമാനിക്കലാണെന്ന് ചിലർ പറഞ്ഞു. എന്നാൽ ജനം അത് തള്ളി. ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി ജനം സ്വീകരിച്ചത് ഇക്കാരണത്താലാണ്.

ഇങ്ങോട്ട് വരുന്ന പ്രവാസികളെ വിലക്കിയിട്ടില്ല. സർക്കാർ അനുമതി ലഭിക്കാതെ ആരും വരാതിരുന്നില്ല. എന്നിട്ടും സർക്കാർ പ്രവാസികൾക്ക് എതിരെയാണ് എന്ന് പ്രചാരണം അഴിച്ചുവിട്ടു. വിമാനത്തിൽ വരുന്നവർക്ക് പരിശോധനയോ പിപിഇ കിറ്റ് പോലെ സുരക്ഷാ സംവിധാനമോ വേണ്ടെന്ന് ഇക്കൂട്ടർ പറയുമോ? സംസ്ഥാനത്തേക്ക് 6,20,462 പേരെത്തി. വിദേശത്ത് നിന്ന് 2,35,233 പേരെത്തി. വന്നവരിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെയും രോഗസാധ്യതയുള്ളവരെയും ചികിത്സിച്ചു. പുറത്ത് നിന്ന് വന്ന 3225 പേർ കൊവിഡ് പോസിറ്റീവായി. 1939 പേർ വിദേശത്ത് നിന്ന് വന്നു.

56 രാജ്യങ്ങളിൽ നിന്ന് 1351 വിമാനങ്ങൾ വന്നു. സൌദിയിൽ നിന്ന് വിമാനം കുറവാണെന്ന് ആദ്യം പറഞ്ഞു. 36,623 പേരാണ് ഇവിടെ നിന്ന് വന്നത്. രജിസ്റ്റർ ചെയ്തവർ ഇനിയും വരാനുണ്ട്. ഇപ്പോൾ വരുന്ന വിമാനങ്ങളിൽ സീറ്റ് മിക്കതും ഒഴിവാണ്.

പലരും വരാൻ തയ്യാറാവുന്നില്ല. ചാർട്ടേഡ് വിമാാനത്തിന് അപേക്ഷ കുറഞ്ഞു. നിലവിൽ 46 വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്.

സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്. വളരെ അത്യാവശ്യ യാത്രകൾക്കേ അതിർത്തി കടക്കാൻ അനുവദിക്കൂ. കടലാക്രണം പലയിടത്തും രൂക്ഷമാണ്. ആളുകൾക്ക് പ്രത്യേക പരിഗണനയോടെ സഹായം നൽകും. നിരീക്ഷണത്തിൽ കഴിയുന്നവരെ സുരക്ഷാ മാനദണ്ഡം പാലിച്ച് മാറ്റും. ഭക്ഷ്യ കിറ്റുകൾ നൽകി തുടങ്ങി. ഭക്ഷണം പാകം ചെയ്യാനാവാത്തവർക്ക് തദ്ദേശ സ്ഥാപനം മുഖേന ഭക്ഷണം എത്തിക്കും. സംസ്ഥാനത്ത് നടക്കുന്ന തൊഴിൽ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ച് വേണം. ചന്തകളിൽ പ്രത്യേക നിരീക്ഷണം നടത്തും. ഹോൾസെയിൽ, റീട്ടെയ്ൽ മാർക്കറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തും.

വിവിധ മാർക്കറ്റുകളിൽ കടയുടമകൾ നിർദ്ദേശം അനുസരിക്കുന്നില്ല. ഇവരെ അറസ്റ്റ് ചെയ്യും. ഇത്തരം കടകൾ അടച്ചുപൂട്ടും. കൊവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.

മാസപ്പിറവി കണ്ടു: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്
കാപ്പാട് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്. അറഫാദിന നോമ്പ് 30-ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.