
സ്വന്തം ലേഖകൻ: മലയാളി ദമ്പതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരാണ് മരിച്ചത്. 18 വർഷമായി അബുദാബിയിലുള്ള ജനാർദ്ദനൻ സ്വകാര്യ ട്രാവൽ സ്ഥാപനത്തിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. മിനിജ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മകൻ: സുഹൈൽ ജനാർദ്ദനൻ (എൻജിനീയർ, എച്ച്.പി ബാംഗ്ലൂർ). പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ.
സഹോദരങ്ങൾ: പുണ്യവതി സ്വാമിനാഥൻ, നിഷി ശശിധരൻ. കെടി ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.സഹോദരൻ: മഹേഷ്. അച്ഛനെയും അമ്മയെയും വിളിച്ചിട്ട് കിട്ടാതായതോടെ സുഹൈൽ യുഎഇയിലെ സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് മദീനാ സായിദിലെ ഫ്ളാറ്റിലെത്തി നോക്കിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഏതാനും ദിവസമായി സുഹൃത്തുക്കളുമായും ഇവർ ബന്ധപ്പെട്ടിരുന്നില്ല. വിവരമറിഞ്ഞ് എത്തിയ പൊലീസ് വ്യാഴാഴ്ച വൈകിട്ട് പൂട്ട് പൊളിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
നല്ല നിലയിൽ ജീവിക്കുകയായിരുന്ന ഇരുവരും ജീവനൊടുക്കാനുള്ള സാഹചര്യം മനസിലാകാതെ കടുത്ത ആശങ്കയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും. തങ്ങളുടെ പ്രിയ സുഹൃത്തിന്റെയും ഭാര്യയുടെയും അപമൃത്യുവിന്റെ ഞെട്ടലിൽ നിന്ന് ഇവരും യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല