
സ്വന്തം ലേഖകൻ: നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതെ നിരവധി പ്രവാസികൾ മനോസംഘർഷം അനുഭവിക്കുന്നു. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭാവിയെപ്പറ്റി ഓർത്ത് കടുത്ത നിരാശയിലാണിവർ. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ് വാർഷികാവധിക്ക് പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു.
കുറച്ചു ദിവസത്തേക്ക് പോയ ചിലരുടെ കുടുംബം ഇവിടെയാണ്. മുന്നറിയിപ്പില്ലാതെ പെട്ടെന്നാണ് കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ നിർത്തിയെന്ന പ്രഖ്യാപനം വന്നത്. യാത്രക്ക് തയാറായി വിമാനത്താവളത്തിൽ എത്തിയവർക്ക് വരെ മടങ്ങേണ്ടി വന്നു. മാർച്ച് ഏഴിനാണ് കുവൈത്ത്, ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് നിർത്തിയത്.
കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ഒരാഴ്ചത്തേക്ക് നിർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചതിനാൽ പിന്നീട് സർവിസ് പുനഃസ്ഥാപിച്ചില്ല. ഇതിനിടെ കുവൈത്തിൽനിന്ന് നാട്ടിലേക്ക് ചാർേട്ടഡ് വിമാന സർവിസുകൾ ആരംഭിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെയും പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. എന്നാൽ, നാട്ടിൽ കുടുങ്ങിയവർക്ക് തിരികെവരാൻ വഴിയുണ്ടായില്ല.
ഏതാനും ദിവസം കൊണ്ട് ശരിയാവുമെന്ന് പ്രതീക്ഷിച്ചവർ മാസങ്ങൾ നീണ്ടതോടെ ആകെ നിരാശരായി. ജോലി നഷ്ടപ്പെട്ടവരും ജോലിനഷ്ട ഭീഷണിയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആറുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ഇഖാമ റദ്ദാവുമെന്ന നിയമത്തിൽ കുവൈത്ത് ഇളവ് നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആശങ്കയിലാണ് പലരും.
വിസ കാലാവധി കഴിയാനായവർക്ക് സ്പോൺസർമാർ വഴിയോ മൻദൂബ് വഴിയോ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് അറിയാതെ കാലാവധി കഴിഞ്ഞ 40,000 വിദേശികളുടെ ഇഖാമ റദ്ദായി. പ്രത്യേക ഇളവ് നൽകി ഇവർക്ക് വിസ പുതുക്കാനും തിരിച്ചു വരാനും അവസരമൊരുക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല. ആഗസ്റ്റ് മുതൽ കുവൈത്ത് വിമാനത്താവളം വഴി കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനത്തിലാണ് നാട്ടിൽ കുടുങ്ങിയവരുടെ പ്രതീക്ഷ. അതേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നത് പ്രതീക്ഷകൾക്ക് തിരിച്ചടികായുന്നു.
അംഗീകൃത മെഡിക്കൽ സെന്ററുളിൽനിന്ന് പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തമാണെന്ന് തെളിയിക്കുകയും തിരിച്ചെത്തിയാൽ ക്വാറൻറീനിൽ കഴിയാമെന്ന് സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്താൽ തിരിച്ചുവരാമെന്ന് കുവൈത്ത് വ്യക്തമാക്കിയത് ആശ്വാസമാണ്. ജൂലൈ 31 വരെ ഇന്ത്യയിലേക്ക് വിമാന സർവിസ് നിർത്തിവെച്ചതിന് പിന്നിൽ ഇന്ത്യയുടെയും കുവൈത്തിന്റെയും വ്യോമയാന വകുപ്പുകൾ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല