1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2020

സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം 633,000 ലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. ലോകത്തെ പ്രമുഖ മരുന്ന്, ഗവേഷണ കമ്പനികളെല്ലാം തന്നെ വാക്സിൻ പരീക്ഷണമെന്ന മത്സരയോട്ടത്തിലാണ്. മിക്ക വാക്സിനുകളും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്.

ഇപ്പോള്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികളും വാക്‌സിന്‍ നിര്‍മാണ ഫാക്ടറികളും തമ്മില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന തിരക്കിലാണ്. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തില്‍ മാത്രമാണുള്ളത്. അംഗീകരിക്കപ്പെട്ട വാക്‌സിന്‍ വികസിപ്പിച്ചാലും അത് ഉണ്ടാക്കിയെടുക്കുക എന്നത് വലിയൊരു പരിശ്രമം വേണ്ട കാര്യമായിരിക്കും. അതിനേക്കാളേറെ പ്രശ്‌നമുള്ള കാര്യമായിരിക്കാം അതിന്റെ ശക്തി ചോരാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് കുത്തിവയ്ക്കുക എന്നത്.

പലരും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തലാണ് പ്രശ്‌നമെന്നു കരുതുന്നു. അതു സാധ്യമായാല്‍ പോലും വിതരണമെന്നത് ലോകം നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരിക്കും. എല്ലാവര്‍ക്കും വാക്‌സിന്‍ വിജയകരമായി എത്തിച്ചു കുത്തിവയ്ക്കാനാകുന്നില്ലെങ്കില്‍ രോഗ ഭീഷണി നിലനില്‍ക്കുമെന്ന കാര്യം വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ അടയ്ക്കലും തുറക്കലും മുറയ്ക്കു നടക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈന പോലെയുള്ള വലിയ വാണിജ്യ ഹബുകളില്‍ നിന്നുള്ള ഒഴുക്ക് പഴയ പടിയാകണമെങ്കില്‍ കാലതാമസമെടുക്കും.

അതിനിടെ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കൊവിഡ് -19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് ഇന്ത്യയിലെ അഞ്ച് സൈറ്റുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി) സെക്രട്ടറി രേണു സ്വരൂപാണ് വാക്‌സിന്‍ ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍ അവസാന ഘട്ട പരീക്ഷണം നടത്തുമെന്ന വിവരം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട നടപടിയാണ് ഇതെന്നും വാക്‌സിന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പ് രാജ്യത്തിനകത്തു നിന്ന് വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും രേണു സ്വരൂപ് പറഞ്ഞു. വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍മ്മിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ്, ഓക്‌സ്‌ഫോര്‍ഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെക്കയും തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള പരീക്ഷണ ഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

“ബയോടെക്‌നോളജി വകുപ്പ് ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ സൈറ്റുകള്‍ തയ്യാറാക്കുകയാണ്. ഞങ്ങള്‍ ഇതിനകം തന്നെ അവയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്, അഞ്ച് സൈറ്റുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് ലഭ്യമാകാന്‍ തയ്യാറാണ്,” രേണു സ്വരൂപ് ഒരു ടെലിഫോണിക് അഭിമുഖത്തില്‍ പറഞ്ഞു.

അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ അത് ഗണ്യമായ അളവില്‍ തയ്യാറാക്കാനാകും എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

“ഡി.ബി.ടി എല്ലാ നിര്‍മ്മാതാക്കളുമായും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു, സെറം (ഇന്‍സ്റ്റിറ്റ്യൂട്ട്) ന്റെ മൂന്നാം ഘട്ട ട്രയല്‍ പ്രധാനമാണ്, കാരണം വാക്‌സിന്‍ വിജയകരമാവുകയും അത് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുകയും ചെയ്യണമെങ്കില്‍ രാജ്യത്തിനകത്തെ ഡാറ്റ ആവശ്യമാണ്,” രേണു സ്വരൂപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.