
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–യുഎഇ, യുഎഇ–കണ്ണൂർ സെക്ടറിൽ 11 വീതം സർവീസുകൾ നടത്തും. ഓഗസ്റ്റ് 1 മുതൽ 15 വരെയാണ് സർവീസ്. 1, 2, 4, 8, 9, 11, 15 തീയതികളിലായി ദുബായിലേക്കും തിരിച്ചും 7 സർവീസുകൾ, 3,10 തീയതികളിൽ അബുദാബിയിലേക്കും തിരിച്ചും 2 സർവീസുകൾ, 7,14 തീയതികളിൽ ഷാർജയിലേക്കും തിരിച്ചും 2 സർവീസുകൾ എന്നിവ നടത്തും.
നാലാം ഘട്ടത്തിൽ ഇതുവരെ യുഎഇ സെക്ടറിലേക്കു കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 14 സർവീസുകളാണ് നടത്തിയത്. ഐസിഎ അപ്രൂവൽ ലഭിക്കാൻ കാലതാമസം നേരിട്ടവരും അടുത്ത ഘട്ടത്തിൽ യുഎഇയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി അറിയിച്ചു. യുഎഇയിൽ നിന്ന് തിരിച്ച് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ചാർട്ടേഡ് വിമാനങ്ങളിൽ പലതും അവസാന നിമിഷം റദ്ദാക്കുകയും ചെയ്യുന്നുണ്ട്.
കൊവിഡ് കാലത്തെ വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് യുഎഇ സെക്ടറുകളിലേക്കു സർവീസുകളില്ല. വിമാന സർവീസുകൾ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. യുഎഇയുമായുള്ള കരാർ നിലവിലുള്ളത് പുതുക്കുമോ പുതിയ കരാറുണ്ടാകുമോ എന്നു വ്യക്തമായിട്ടില്ല.
എന്നാലും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് മുതൽ ആരംഭിക്കുന്നതിന് സർവീസുകളുടെ സമയക്രമം പുറത്തിറക്കിയത് കരാർ പുതുക്കുകയോ പുതിയത് ഒപ്പിടുകയോ ചെയ്യുമെന്നതിന്റെ സൂചനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല