1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2020

സ്വന്തം ലേഖകൻ: ഹജ് കർമങ്ങൾക്ക് ഇന്നു തുടക്കം. കോവിഡിനെ തുടർന്ന് ചുരുക്കം പേർക്കു മാത്രമാണു തീർഥാടനാനുമതി. വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞു തീർഥാടകരെല്ലാം ഉച്ചയോടെ മിനായിൽ എത്തിച്ചേരും. നാളെയാണ് അറഫ സംഗമം.

സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മക്കയിലെത്തിയ തീർഥാടകർ 7 കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് പുലർച്ചെ തന്നെ യാത്ര തുടങ്ങിയിരുന്നു. ലക്ഷക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന പതിവു മാറ്റി വയ്ക്കേണ്ടി വന്ന ഇക്കൊല്ലം, കൊവിഡ് ചട്ടം അനുസരിച്ച് 20 തീർഥാടകരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനങ്ങളിലാണു മിനായിൽ എത്തിക്കുന്നത്.

മധ്യാഹ്ന പ്രാർഥനയ്ക്കു മുൻപു മുഴുവൻ പേരും മിനായിലെ കൂടാരത്തിൽ എത്തിച്ചേരും. തുടർന്ന് പുലർകാലം വരെ പ്രാർഥന. നാളെ പുലർച്ചെ, 14 കിലോമീറ്റർ അകലെയുളള അറഫയെ ലക്ഷ്യമാക്കി തീർഥാടകർ നീങ്ങും. അകലം പാലിച്ചു പ്രാർഥന നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ഹാജിമാര്‍ ഹജിനായി ഒത്തു കൂടുന്ന മിനാ താഴ്‌വാരത്തിൽ ഇത്തവണ ആളനക്കം നന്നെ കുറയും. ലക്ഷങ്ങളെ സ്വീകരിക്കാറുള്ള മിനാ താഴ്വരയിൽ ഇക്കുറിഎത്തുന്നത് ആയിരത്തോളം ഹാജിമാർ മാത്രം. നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തീർഥാടകർ എത്തുന്ന ഹജ്ജിനാണ്​ ബുധനാഴ്​ച തുടക്കം കുറിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ ഹജ് കർമ്മങ്ങൾ മുഴുവൻ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാരുടെ ആരോഗ്യ പരിശോധനകൾക്കായി വിവിധ വിഭാഗങ്ങളായി ആരോഗ്യ പ്രവർത്തകരും ഹാജിമാരോടൊപ്പം നിലയുറപ്പിക്കും. ഹജിന്റെ ആത്മാവിന് കോട്ടംതട്ടാത്ത ക്രമീകരണങ്ങളാണ് ഒരുക്കുക എന്ന് ഹജ് മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.