
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ഘട്ടങ്ങളിലായി മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു. സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവിക എക്സ്റ്റൻഷൻ ലഭിക്കുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസ് ഇല്ലാതെ ഇവിടെ കുടുങ്ങിയ നിരവധി പേർക്ക് ഇത് ആശ്വാസമായിരുന്നു. ഇക്കാലയളവിൽ വിസ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു. 260000 പേർ ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി വിസ പുതുക്കി. ഒാൺലൈനായി പുതുക്കാൻ അവസരമുണ്ടായിട്ടും 145000 പേർ ഇത് പ്രയോജനപ്പെടുത്തിയില്ല. ഇൗ സാഹചര്യത്തിൽ ഇനി സ്വാഭാവിക എക്സ്റ്റൻഷൻ നൽകേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം.
ഓഗസ്റ്റ് 31നകം ഒാൺലൈനായി പുതുക്കിയില്ലെങ്കിൽ താമസ നിയമലംഘകരായി കണക്കാക്കി പിഴ ഇൗടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സന്ദർശക വിസയിലുള്ളർ ഓഗസ്റ്റ് 31നകം തിരിച്ചുപോവണം. ഒരു ലക്ഷം സന്ദർശക വിസക്ക് നേരത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഇവർ 31നകം തിരിച്ചുപോയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും. പിന്നീട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. സ്പോൺസറിൽനിന്ന് പിഴ ഇൗടാക്കുകയും ചെയ്യും.
31 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നിബന്ധനകളോടെ പിൻവലിക്കാൻ സാധ്യത. സർക്കാർ വ്യോമയാന വകുപ്പും ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തി വിലക്ക് പുനഃപരിശോധിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ നിശ്ചയിക്കുന്ന ഹോട്ടലുകളിൽ സ്വന്തം ചെലവിൽ രണ്ടാഴ്ച ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന.
അടുത്ത മാസം തുടക്കം മുതൽ ഘട്ടംഘട്ടമായി ഇളവ് നൽകാനാണ് നീക്കം. അധ്യാപകർ തുടങ്ങി ചില വിഭാഗങ്ങൾക്ക് മുൻഗണനയുണ്ടാവും. ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല