
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് പ്രവാസലോകത്ത് ആശങ്ക. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വേണമെന്ന് ആവശ്യപ്പെടുന്നു.
ഗൾഫിൽനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അയ്യായിരത്തിലേറെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്വാറന്റീൻ സംവിധാനം ഒഴിവാക്കണം എന്ന ആവശ്യത്തിലും തീരുമാനമാകാത്തതിൽ കടുത്ത മാനസികവിഷമത്തിലാണ് ഏറെപ്പേരും.
പരീക്ഷയെഴുതാൻ നാട്ടിലെത്തുന്ന വിദ്യാർഥികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം. അതിൽ ഇളവ് വേണമെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. അതത് സംസ്ഥാനസർക്കാരുകൾ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമോ എന്നകാര്യത്തിലും പ്രവാസലോകത്ത് ആശങ്കയുണ്ട്. പ്രവാസജീവിതം നയിക്കുന്ന ആയിരക്കണക്കിന് കുട്ടികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഇന്ത്യക്ക് പുറത്തുള്ള ഏകദേശം 16 രാജ്യങ്ങളിൽ സി.ബി.എസ്.ഇ. പരീക്ഷ നടത്തുന്നുണ്ട്. അവിടേക്കുള്ള ചോദ്യപ്പേപ്പറുകൾ അതത് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് വഴിയാണ് എത്തുന്നത്. ചോദ്യപ്പേപ്പർ എടുക്കുന്നത് മുതലുള്ള ലൈവ് റെക്കോഡിങ് വരെ നടക്കുന്നു.
പരീക്ഷകൾ നിയന്ത്രിക്കുന്നതും ഇന്ത്യൻ കോൺസുലേറ്റുകളാണ്. അവരുടെ നിയന്ത്രണത്തിലുമായിരിക്കും ചോദ്യപ്പേപ്പറുകൾ ഉൾപ്പെടെയുള്ളവ. അത്രത്തോളം സുരക്ഷയും സാധ്യതയുമുള്ളപ്പോഴാണ് ആയിരക്കണക്കിന് വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കും വിധമുള്ള വിധി.
കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉപഹർജി കൊടുത്ത് ആയിരക്കണക്കിന് കുട്ടികളെ വിഷമഘട്ടത്തിൽനിന്ന് കരകയറ്റണമെന്ന് അജ്മാൻ അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ ജേക്കബ് ആവശ്യപ്പെട്ടു.
ലോകം മുഴുവൻ കൊവിഡ് മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോൾ കോടതിയിൽനിന്ന് അനുകൂലമായ തീരുമാനം വേണമായിരുന്നുവെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. ഓൺലൈൻ പരീക്ഷയോട് പലർക്കും എതിർപ്പാണ്. ഓൺലൈനായി നീറ്റ് പരീക്ഷ നടത്താനാവില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല