
സ്വന്തം ലേഖകൻ: ഉപദ്രവിക്കാൻ ശ്രമിച്ച കപടസന്യാസി അമേരിക്കന്‍ യുവതിയുടെ അടിയേറ്റ് അവശനിലയിൽ. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ് നേടിയ വിദേശി വനിതയെയാണ് സ്വയം പ്രഖ്യാപിത സ്വാമിയായ മണികണ്ഠൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. 34കാരനായ നാമക്കല്‍ സ്വദേശി മണികണ്ഠനെ യുവതി കരാട്ടെ പ്രയോഗത്തിലൂടെ മൃതപ്രായനാക്കി.
ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള യുവതി മാർച്ചിലാണ് തിരുവണ്ണാമലയിലെത്തിയത്. കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങാനായിരുന്നു തീരുമാനം. പക്ഷേ, ലോക്ക്ഡൗണ്‍ യാത്രമുടക്കി. നാട്ടില്‍പ്പോകാന്‍ കഴിയാതെ വന്നതോടെ രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകക്ക് എടുത്തു തനിച്ച് താമസിച്ചു വരികയായിരുന്നു.
ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയ ഇവരെ ബലപ്രയോഗത്തിലൂടെ ഇവരുടെ തന്നെ വീട്ടിലേക്ക് വലിച്ചിഴച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു മണികണ്ഠൻ. യുവതി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ വ്യക്തിയാണെന്ന് മണികണ്ഠന് അറിയുമായിരുന്നില്ല. അയൽക്കാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി അറസ്റ്റ് ചെയ്തു.
17 വർഷങ്ങളായി ഇയാൾ തീർഥാടനം നടത്തുകയാണ് എന്നാണ് പൊലീസിന് നൽകിയ മൊഴി. ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽ എന്നിവിടങ്ങളിലായിരുന്നു ആറു മാസം മുൻപുവരെ ഉണ്ടായിരുന്നത് എന്നും ഇയാൾ പറഞ്ഞു. എന്നാൽ ഏതെങ്കിലും കേസുകളിൽ ഇയാൾ പ്രതിയാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. താടിയും മുടിയും നീട്ടി കുറ്റവാളികൾ ഇത്തരത്തിൽ നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല