
സ്വന്തം ലേഖകൻ: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
“മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കല്‍പ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമം വേണം”, പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നും പലിശയുടെ കാര്യത്തില്‍ ഇളവ് നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണസമ്മാനമായി നൂറുദിവസം നൂറ് പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത് സമയബന്ധിതമായി നടപ്പാക്കും എന്ന ഉറപ്പുകൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാലുമാസം കൂടി തുടരും. ഇനിയുള്ള ദിവസങ്ങളിലും കൊവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല.
പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ പിടിച്ചുപറ്റിയതാണ് ഭക്ഷ്യകിറ്റ് വിതരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ 86 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഈ ഓണക്കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്. ഇത് ഇവിടെ അവസാനിക്കുകയല്ല. ഈ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെ തന്നെയാകും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല