സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകനും സമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ് ഇന്നലെ രാത്രി എട്ടരയോടെ ലണ്ടനിലെ പാപ്വർത്ത് ആശുപത്രിയിൽ മരിച്ചത്. 44 വയസ്സായിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് കൊവിഡ് ബാധിച്ച് ലണ്ടനിലെ ക്യൂൻസ് ആശുപത്രിയിലും പിന്നീട് കേംബ്രിഡജിലെ പാപ്വർത്ത് ആശുപത്രിയിലും ചികിൽസയിലായിരുന്നു. ജിയോമോൻ കൊവിഡ് മുക്തനായിരുന്നെങ്കിലും ശ്വാസകോശസംബന്ധമായ അസുഖം മൂലം എഗ്മോ വെന്റലേറ്ററിന്റെ സഹായത്തോടെ ചികിൽസയിൽ തുടരുകയായിരുന്നു. വിദ്യാർഥിയായിരിക്കെ കെഎസ്യുവിന്റെ സജീവ പ്രവർത്തകനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്നു.
കൊവിഡ് മൂലം ആശുപത്രിയിലായ ജിയോമോൻ കൊവിഡ് ലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനാൽ 147 ദിവസമായി എഗ്മോ വെന്റ്ലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിലായിരുന്നു. ഏതാനും ദിവസങ്ങളായി ശ്വസനസഹായിയുടെ സപ്പോർട്ട് ഇല്ലാതെതന്നെ ജിവീതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പെട്ടെന്ന് രോഗം മൂർച്ഛിച്ചതും മരണം സംഭവിച്ചതും.
കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫ്ന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആഗ്രഹം. കൊവിഡ് ബാധിതനായിരുന്നെങ്കിലും നിലവിൽ അതുസംബന്ധിച്ച ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പ്രായമായ മാതാപിതാക്കളും.
ബ്രിട്ടനിൽ കൊവിഡ് മൂലം മരിക്കുന്ന പതിനേഴാമത്തെ മലയാളിയാണ് ജിയോമോൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല