
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിലെ എയർ ബബ്ൾ കരാറിനായി ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ പുരോഗമിക്കുന്നു. വിസ കലാവധി കഴിയാറായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരാണ് ആകാംക്ഷയോടെ കരാറിനായി കാത്തിരിക്കുന്നത്.
കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിയുക്ത ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. എയർ ബബ്ൾ കരാർ നടപ്പായാൽ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരമാകുമെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ബഹ്റൈനിൽ സാധുവായ ഏതു വിസയുള്ളവർക്കും വരാമെന്നതാണ് എയർ ബബ്ൾ കരാറിെൻറ പ്രത്യേകത. സന്ദർശക വിസക്കാർക്കും ഇത് ഗുണം ചെയ്യും. ഏതു സമയവും കരാർ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ സർക്കാറിെൻറ പ്രത്യേക അനുമതിയോടെ എയർ ഇന്ത്യ എക്സ്പ്രസിെൻറ മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് ആളുകളെ കൊണ്ടുവന്നിരുന്നു. കൊച്ചി, കണ്ണൂർ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ എത്തിയത്. ഇതിനുപുറമേ, ഏതാനും ചാർേട്ടഡ് വിമാനങ്ങളിലും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് ആളുകൾ എത്തി.
വിസ കാലാവധി കഴിഞ്ഞവരും കഴിയാറായവരുമായി നിരവധി പേരാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. എത്രയും വേഗം എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല