
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പല കമ്പനികളും അവ പുനഃസ്ഥാപിച്ചു തുടങ്ങിയതായി റിപ്പോർട്ട്. 10% – 30% വരെയാണ് പല കമ്പനികളും കുറച്ചിരുന്നത്. അപൂർവം ചില കമ്പനികൾ 50%. കൊവിഡ് നിയന്ത്രണ വിധേയമാവുകയും ബിസിനസിൽ ചലനമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഴുവൻ ശമ്പളവും നൽകാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ചില കമ്പനികൾ വെട്ടിക്കുറച്ച മാസങ്ങളിലെ തുക ഗഡുക്കളായി തിരിച്ചുനൽകുന്നുണ്ട്.
ഓഫ്ഷോർ, ഓൺഷോർ എണ്ണക്കമ്പനികൾ, ട്രാൻസ്പോർട്ട്, കൺസ്ട്രക്‌ഷൻ, സ്പെയർ പാർട്സ്, ഫൈബർ, ഗ്ലാസ്, കെമിക്കൽ, ബേക്കറി തുടങ്ങിയ വിവിധ മേഖലകളിലുള്ള കമ്പനികളാണ് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചത്. ഇതിൽ ചില കമ്പനികൾ പൂർണമായും മറ്റു ചില കമ്പനികൾ ഭാഗികമായും ശമ്പളം പുനഃസ്ഥാപിച്ചു. ശേഷിച്ചവ വരും മാസങ്ങളിൽ നൽകുമെന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് നഷ്ടം സഹിച്ചും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു പൈസ പോലും കുറയ്ക്കാത്ത കമ്പനികളും ധാരാളം. മാർച്ച് മുതലാണ് പല കമ്പനികളും ശമ്പളം കുറയ്ക്കാൻ തുടങ്ങിയത്. അധികൃതരുടെ അനുമതിയോടെ 3 മാസത്തേക്കു പ്രത്യേക കരാറുണ്ടാക്കിയായിരുന്നു ഇത്. എന്നാൽ ചില കമ്പനികൾ 3 മാസത്തേക്കു കൂടി കരാർ പുതുക്കി.
ആ കാലാവധി ഈ മാസം തീരുന്നതോടെ അടുത്ത മാസം മുതൽ ശമ്പളം പൂർണമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ശമ്പളത്തിന്റെ നിശ്ചിത ശതമാനം കുറയ്ക്കുക മാത്രമല്ല താമസം, ഗതാഗതം തുടങ്ങി മറ്റു അലവൻസുകളും നിർത്തിയിരുന്നു. ഇതുമൂലം കുടുംബമായി താമസിച്ചുവരുന്ന പലരുടെയും ജീവിതം പ്രയാസത്തിലായി. ചിലർ കുടുംബത്തെ നാട്ടിലേക്ക് അയച്ചും മറ്റു ചിലർ ചെലവു കുറഞ്ഞ താമസ സ്ഥലത്തേക്കു മാറിയും അധികച്ചെലവ് തരണം ചെയ്തു. ജീവനക്കാരുടെ പ്രയാസം കണ്ടറിഞ്ഞ ചില കമ്പനികൾ എല്ലാ അലവൻസുകളും പുനസ്ഥാപിച്ചിട്ടുമുണ്ട്.
എന്നാൽ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ചില എയർലൈനുകൾ ഡിസംബർ വരെ ശമ്പളം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജോലിയിൽ നിന്ന് താൽക്കാലികമായി ലീവെടുക്കാൻ നിർദേശിച്ച കമ്പനികളും ജീവനക്കാരെ തിരിച്ചു വിളിച്ചു തുടങ്ങി. 3 മുതൽ 6 മാസം വരെ ശമ്പളമില്ലാത്ത അവധി എടുക്കാനായിരുന്നു കമ്പനികളുടെ നിർദേശം. ഇതുമൂലം പലരും നാട്ടിലേക്കു പോയപ്പോൾ തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ തന്നെ പിടിച്ചുനിൽക്കുകയായിരുന്നു ചിലർ. ഇവിടെയുള്ളവർ ഇതിനോടകം ജോലിക്കു കയറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല