1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: തുടർച്ചയായ നാലാം ദിവസവും കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ എത്തിയതോടെ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൌണിന് തൊട്ടരികെ. . രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്ക പരത്തുകയാണ്.

ഇന്നലെ ബ്രിട്ടനിലാകെ കൊവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. കർശന നിയന്ത്രണങ്ങളിലൂടെ വരുതിയിലാക്കിയ കൊവിഡിന്റെ, രണ്ടാം വരവ് വ്യക്തമാക്കുന്ന കണക്കുകളാണിവ.

കൊവിഡ് കേസുകൾ കുടുന്ന സാഹചര്യത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. തിങ്കളാഴ്ച മുതൽ സാമൂഹിക ഇടപെടലുകൾക്ക് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 30 പേർക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങൾ നടത്താനും നൽകിയിരുന്ന അനുമതി റദ്ദാക്കി.

തിങ്കളാഴ്ച മുതൽ വ്യത്യസ്ത വീടുകളിൽനിന്നാണെങ്കിൽ പരമാവധി ആറുപേർക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ. ഇത് ലംഘിച്ചാൽ അറസ്റ്റും പിഴയും ഉൾപ്പെടെയുളള നടപടികൾ നേരിടേണ്ടി വരും. ജോലി സ്ഥലങ്ങളിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഒരു മീറ്റർ സാമൂഹിക അകലം കർശനമായും പാലിക്കണം. പുതിയ നിയന്ത്രണങ്ങൾ മറ്റൊരു ലോക്ക്ഡൗണിന്റെ തുടക്കമയി കാണരുതെന്നും മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരുലക്ഷം പേരിൽ 12.5 ശതമാനമായിരുന്നു കഴിഞ്ഞാഴ്ചയിലെ ബ്രിട്ടനിലെ രോഗവ്യാപന നിരക്ക്. ഈയാഴ്ച മധ്യത്തോടെ ഇത് 19.7 ശതമാനമായി ഉയർന്നു. ഇതാണ് കടുത്ത നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.

അതിനിടെ ജോൺസന്റെ കൊവിഡ് പരിശോധനയ്ക്കുള്ള “മൂൺഷോട്ട്” പദ്ധതിയെക്കുറിച്ച് സംശയം ഉന്നയിച്ച് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും രംഗത്തെത്തി. നിലവിലെ പരിശോധനകൾക്കായി ലബോറട്ടറി ശേഷിയിൽ പ്രശ്നങ്ങളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടാതെ കൂടുതൽ ദ്രുതഗതിയിലുള്ള പരിശോധനകൾക്കുള്ള സാങ്കേതികവിദ്യ ഇതുവരെ ലഭ്യമായിട്ടില്ല. പദ്ധതിക്ക് 100 ബില്യൺ ഡോളർ ചിലവാകുമെന്നാണ് മറ്റൊരു വിമർശനം.

എന്നാൽ ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 500,000 കൊവിഡ് ടെസ്റ്റുകളെന്ന പരിശോധനാ ശേഷി കൈവരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബോറിസ് ജോൺസൺ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.