
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.
534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടി 71-കാരനായ യോഷിഹിതെ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നതായി, നേതൃത്വമേറ്റെടുത്ത് ആബെയുടെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു.
മുന്‍ പ്രതിരോധമന്ത്രി ഷിഗേരു ഇഷിബ, എല്‍.ഡി.പിയുടെ നയവിദഗ്ധന്‍ ഫുമിയോ കിഷിത എന്നിവരെയാണ് വോട്ടെടുപ്പില്‍ യോഷികിതെ സുഗ പരാജയപ്പെടുത്തിയത്. എട്ടു വര്‍ഷത്തിലധികമായി ജപ്പാന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന ഷിന്‍സോ ആബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി. മുഖ്യ ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും കഠിനപ്രയത്നിയാണ് സുഗയെന്നും ആബെ പറഞ്ഞു. സുഗയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിസന്ധി മറി കടക്കാന്‍ ജപ്പാന് സാധിക്കുമെന്ന പ്രത്യാശയും ആബെ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയാകുന്ന സുഗയെ കാത്ത് നിരവധി പ്രതിസന്ധികളാണ് നിലവിലുള്ളത്. ആബെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും ഇപ്പോള്‍ സമ്പദ്ഘടന മാന്ദ്യത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഓളിംപിക്സ് നടത്തിപ്പിനെ കുറിച്ച് പുതിയ പദ്ധതി തയ്യാറാക്കേണ്ടതും സുഗയുടെ ഉത്തരവാദിത്തമാകും. ചൈന-യുഎസ് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎസുമായുള്ള നയതന്ത്രബന്ധം സൗഹാര്‍ദപരമായി മുന്നോട്ടു കൊണ്ടു പോകാനും സുഗ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് രാഷ്ട്രീയവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല