1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2020

സ്വന്തം ലേഖകൻ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിങ്ടനിൽ എത്തി. യുഎഇയുമായും ബഹ്‌റൈനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിങ്ടനിൽ എത്തിയിരിക്കുന്നത് .സെപ്റ്റംബർ 15 ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎഇ, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ കഴിഞ്ഞതായി ക്യാബിനറ്റ് മന്ത്രിമാരോടു നെതന്യാഹു പറഞ്ഞു.

“ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും,” നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ സമാധാന ഉടമ്പടി ഒപ്പു വെക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക.

ബഹ്‌റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്‌റൈനും ഇസ്രയേലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പു വയ്ക്കാനൊരുങ്ങുന്നത്.

അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേലിൽ വീണ്ടും ലോക്ഡൗൺ. വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തെ ലോക്ഡൗണാണു പ്രഖ്യാപിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.