
സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ. ഇതിനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും.
കൊവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വരുത്തും.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള വോട്ടെടുപ്പിൽ എല്ലാവർക്കും അവസരം ലഭിക്കണമെങ്കിൽ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തപാൽ, പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു. പ്രോക്സി വോട്ടിനെ എൽഡിഎഫ് അനുകൂലിക്കുന്നില്ല. അതു ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നാണ് മുന്നണിയുടെ അഭിപ്രായം. മറുവശത്ത് യുഡിഎഫ് തപാൽ വോട്ടിനെ എതിർക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല