
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും 27 മരണം മാത്രമാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക് വെറും 0.05 ശതമാനവും. ണ്ടുമാസത്തിലേറെയായി ഒരു കൊവിഡ് മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് ജനസംഖ്യയായിരിക്കാം ഇതിനുകാരണം എന്നു പലരും അഭിപ്രായപ്പെടുേമ്പാഴും സിംഗപ്പൂരിനേക്കാൾ കുറവ് ജനസംഖ്യയുള്ള ഡെൻമാർക്കിൽ മൂന്നുശതമാനവും ഫിൻലാൻഡിൽ നാലുശതമാനവുമാണ് കൊവിഡ് മരണനിരക്ക്.
സിംഗപ്പൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ 95 ശതമാനവും കുടിയേറ്റ തൊഴിലാളികളിലാണ്. അവരുടെ പ്രായമാകട്ടെ 20നും 30നും ഇടയിൽ. ഇടുങ്ങിയ ഡോർമെറ്ററികളിൽ താമസിക്കുന്ന ഇവരിൽ ഭൂരിഭാഗവും കെട്ടിട, കപ്പൽ നിർമാണ ജോലിയിൽ ഏർപ്പെടുന്നവരാണ്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളിലായതിനാൽ തന്നെ മരണനിരക്കും കുറയുന്നു. പലർക്കും ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് വന്നുപോകുകയും ചിലർക്ക് രോഗലക്ഷണങ്ങളില്ലാെത തന്നെ രോഗം വന്നു മാറിയതായും കാണുന്നു.
രോഗബാധ നേരത്തേ കണ്ടെത്തുന്നതിലൂടെ വ്യാപനത്തിൻെറ തോത് കുറക്കാൻ സാധിക്കുന്നു. വ്യാപക സമ്പർക്ക പട്ടിക തയാറാക്കുന്നതിലൂടെയും പരിശോധനയിലൂടെയും രോഗം നേരത്തേ കണ്ടെത്തും. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം പേരെയും ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. 57 ലക്ഷം പേരിൽ 9,00,000 പേരെ പരിശോധനക്ക് വിധേയമാക്കി.
ഡോർമെറ്ററികളിൽ താമസിക്കുന്നവരെയും കെയർ ഹോമുകളിൽ താമസിക്കുന്നവരെയും വ്യാപക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 13 വയസിൽ താഴെയുള്ളവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൗജന്യ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു.
കൊവിഡ് പരിശോധനയും ചികിത്സയുടെ ഭാഗമാക്കി. കൊവിഡ് രോഗികളായ 45വയസിന് മുകളിലുള്ളവരെയും പ്രത്യേക ശ്രദ്ധ നൽകേണ്ടവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രത്യേക ശ്രദ്ധ നൽകും. തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന ആശുപത്രി ടൂറിസം ഹബാണ് സിംഗപ്പൂർ. നിരവധി സ്വകാര്യ ആശുപത്രികളും പൊതു ജനാരോഗ്യ കേന്ദ്രങ്ങളും ഇപ്പോൾ കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രോഗലക്ഷണം ഇല്ലാത്തവരെ താമസിപ്പിക്കുന്നതിനായി സർക്കാറിൻെറ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കി. കൊവിഡ് അതിഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്ക് പ്രത്യേക ശ്രദ്ധയും നൽകി വരുന്നു. നിലവിൽ ഒരു കൊവിഡ് രോഗിപോലും സിംഗപ്പൂരിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഏപ്രിൽ മുതൽ സിംഗപ്പൂരിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കുന്നത് കൊവിഡ് വ്യാപനം കുറക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം. മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും കൊവിഡ് വ്യാപനം കുറക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല