
സ്വന്തം ലേഖകൻ: മിനിമം വേതനം ഉൾപ്പെടെയുള്ള ഖത്തറിന്റെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളി-തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ കാര്യക്ഷമത ഉറപ്പാക്കാനും വഴിയൊരുക്കും. മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്പർ നിയമം, തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്പർ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18-ാം നമ്പർ നിയമം, പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19-ാം നമ്പർ നിയമം എന്നിവയാണ് രാജ്യത്ത് പ്രാബല്യത്തിലായ പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ നിയമങ്ങൾ പ്രാബല്യത്തിലായി. തൊഴിൽ വിപണിയിലെ താഴെ തട്ടുമുതൽ മുകൾതട്ടിലുള്ളവർക്ക് വരെ ഗുണകരമാകുന്നതാണ് പുതിയ നിയമമെന്ന് ദോഹയിലെ പ്രമുഖ നിയമകാര്യ വിദഗ്ധൻ അഡ്വ.നിസാർ കോച്ചേരി ചൂണ്ടിക്കാട്ടി. വീട്ടു ജോലിക്കാർ, ഫാമുകളിലെ തൊഴിലാളികൾ തുടങ്ങി പ്രഫഷനൽ വിഭാഗങ്ങൾക്ക് വരെ പുതിയ നിയമം പ്രയോജനപ്പെടും. സാമ്പത്തിക വളർച്ചയ്ക്ക് മാത്രമല്ല തൊഴിൽ വിപണിയിലെ മത്സര ക്ഷമതയും ഉൽപാദന ക്ഷമതയും ശക്തിപ്പെടുത്തൽ തുടങ്ങി തൊഴിലാളിയുടേയും കുടുംബത്തിന്റെയും ആവശ്യകതകൾ പോലും ലക്ഷ്യം വക്കുന്നതാണ് നിയമം.
പുതിയ നിയമ പ്രകാരം അടിസ്ഥാന വേതനം 1,000 റിയാൽ ആണ്. തൊഴിലാളിക്ക് ഭക്ഷണവും താമസവും നൽകുന്നില്ലെങ്കിൽ 500 റിയാൽ താമസത്തിനും 300 റിയാൽ ഭക്ഷണത്തിനും ഉൾപ്പെടെ 1,800 റിയാൽ നൽകിയിരിക്കണം.
മത്സര രഹിത വ്യവസ്ഥയുടെ കാലാവധി 2 വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചതും പ്രഫഷനൽ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തൊഴിൽ മാറുന്ന തീയതി മുതൽ വിലക്ക് ഒരു വർഷത്തിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ.
കരാറിൽ മത്സര രഹിത വ്യവസ്ഥ ഉണ്ടെങ്കിൽ തൊഴിൽ കരാർ റദ്ദായ ശേഷം ഒരു വർഷത്തേക്ക് തൊഴിലുടമയുമായി മത്സരത്തിനോ അല്ലെങ്കിൽ സമാന സാമ്പത്തിക മേഖലയിൽ ഏതെങ്കിലും തരത്തിൽ മത്സരസ്വാഭാവമുള്ള ബിസിനസിന്റെ ഭാഗമാകുകയോ ചെയ്യാൻ പാടില്ല. മുൻകൂർ നോട്ടിസ് നൽകാതെ ജോലി രാജിവയ്ക്കുമ്പോഴുള്ള വിലക്കും ഒരു വർഷമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല