
സ്വന്തം ലേഖകൻ: രാജ്യത്തെ ആരോഗ്യമേഖലയിൽ പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 23 ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി. ഇവരെ പൊതുജനാരോഗ്യ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രാക്ടീസിങ് ലൈസൻസിനായുള്ള നടപടികളിൽ മന്ത്രാലയം സ്വീകരിക്കുന്ന കർശന പരിശോധനകളിലാണ് വ്യാജ സർട്ടിഫിക്കറ്റുമായെത്തിയവർ കുടുങ്ങിയത്. 17 ഡോക്ടർമാർ, നാല് അലൈഡ് മെഡിക്കൽ പ്രഫഷണൽസ്, നാലു നഴ്സുമാർ എന്നിവർക്കെതിരെയാണ് ഈ വർഷം നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രാക്ടീസിങ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്നവരുടെ സർട്ടിഫിക്കറ്റ് കാലാവധി, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ തുടങ്ങിയവ വിവിധ അതോറിറ്റികളുമായി ചേർന്ന് ഹെൽത്ത് സ്പെഷാലിറ്റീസ് വകുപ്പ് കർശന പരിശോധനയാണ് നടത്തുന്നത്. ഇതുമൂലം വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് തൊഴിലിലേർപ്പെടാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ സാധിക്കുന്നു.
വ്യാജ സർട്ടിഫിക്കറ്റുകളധികവും പ്രവൃത്തിപരിചയ സാക്ഷ്യപത്രങ്ങളായിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും രാജ്യത്ത് പ്രവർത്തിക്കുന്നതിൽനിന്ന് തടയുന്നതിനായി ഇവരെ കരിമ്പട്ടികയിലുൾപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലും വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല