
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരൻ നൽകേണ്ടിവരും.
എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുത്തവർ എയർലൈനുമായി നേരിട്ടും എയർ ഇന്ത്യയിൽ ടിക്കറ്റെടുത്തവർ എയർലൈൻ ഓഫിസിലോ അതത് ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെട്ടാൽ മാറ്റിക്കിട്ടും. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിലേക്കു മാത്രമേ മാറ്റി നൽകൂ. മറ്റൊരാളുടെ പേരിലേക്കു മാറ്റാനാവില്ല. യാത്ര വേണ്ടന്നു വയ്ക്കുന്നവർക്കു ടിക്കറ്റ് തുക തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ വിധി അനുസരിച്ചേ തീരുമാനമുണ്ടാകൂ. പ്രവാസി ലീഗൽ സെല്ലാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.
യാത്ര മുടങ്ങിയ വിമാന ടിക്കറ്റുകൾ വന്ദേഭാരത് മിഷൻ വിമാനത്തിലേക്കും മാറ്റി നൽകുന്നുണ്ട്. നേരത്തെ ഇതിന് അനുമതി ഉണ്ടായിരുന്നില്ല. പ്രസ്തുത സെക്ടറിലേക്കു നിലവിൽ സർവീസ് ഉള്ള ടിക്കറ്റുകളാണ് വന്ദേഭാരതിലേക്കു മാറ്റി നൽകുക. അല്ലാത്തവർക്ക് സാധാരണ വിമാന സർവീസ് തുടങ്ങുന്ന തീയതിയിലേക്കു മാറ്റി നൽകും. സാധാരണ വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരക്കു കൂട്ടേണ്ടെന്നും സൂചിപ്പിച്ചു.
എമിറേറ്റ്സ്, ഫ്ലൈ ദുബായ്, സൌദിയ തുടങ്ങിയ വിദേശ എയർലൈനുകളിൽ ടിക്കറ്റ് തുക തിരിച്ചെടുക്കാനോ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ സൗകര്യം ഉണ്ട്. യാത്ര ചെയ്യാനുദ്ദേശിച്ച തീയതി മുതൽ ഒരു വർഷത്തിനകത്തുള്ള തീയതിയിലേക്കു മാറ്റാം. എമിറേറ്റ്സ് എയർലൈനിൽ 2 വർഷത്തിനകം യാത്ര ചെയ്താൽ മതി. ഇതിനായി അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണം. ഇതേസമയം ഇത്തിഹാദിലും എയർ അറേബ്യയിലും ഇന്ത്യയിൽനിന്നുള്ള സ്വകാര്യ എയർലൈനുകളിലും തീയതി മാറ്റാനേ സാധിക്കൂ.
കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്ന് സർവീസ് നടത്തുന്ന ഔദ്യോഗിക, സ്വകാര്യ വിമാനക്കമ്പനികൾ ഉപയോഗിക്കാത്ത വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഈ രാജ്യങ്ങളിലുള്ളവർക്ക് എല്ലാ എയർലൈനുകളും ടിക്കറ്റ് തുക തിരിച്ചു നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല