
സ്വന്തം ലേഖകൻ: സുപ്രീം കോടതി ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ലീഡ് സ്വന്തമാക്കി ബൈഡൻ. നേരിയ മുൻതൂക്കമാണെങ്കിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍.
മിക്കവാറും വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണ പ്രകാരം, പോളുകളില്‍ 3 ശതമാനത്തില്‍ അധികം ലീഡുള്ള സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് 279 വോട്ടുകള്‍ ലഭിക്കും. ലീഡുള്ള എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുകയാണെങ്കില്‍ 359 വോട്ടുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. വിജയത്തിന് 270 വോട്ടുകള്‍ മതി.
ബൈഡന് ലീഡുണ്ടെങ്കിലും ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ഒഹായോ, അയോവ എന്നീ സംസ്ഥാനങ്ങളില്‍ ആരും ജയിക്കും എന്ന് ഇപ്പോഴും വ്യക്തമായ സൂചനയില്ല. ഈ സംസ്ഥാനങ്ങളില്‍ ഒന്നും ജയിക്കാതെ തന്നെ ബൈഡന് വൈറ്റ് ഹൗസില്‍ എത്താന്‍ കഴിയും എന്നുള്ളതാണ് കഴിഞ്ഞ ആഴ്ചത്തെ പോളുകള്‍ നൽകുന്ന സൂചന.
അതിനിടെ ട്രംപും എതിരാളി ജോ ബൈഡനും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പു സംവാദം ചൊവ്വാഴ്ച നടക്കാനിരിക്കെ ട്രംപിന്റെയും അദ്ദേഹത്തിന്റെ വിവിധ കമ്പനികളുടെയും 20 വർഷത്തെ നികുതിരേഖകൾ പുറത്തായി. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷവും വൈറ്റ് ഹൗസിലെ ആദ്യ വർഷവും ആദായനികുതിയായി ഡോണൾഡ് ട്രംപ് അടച്ചത് 750 ഡോളർ മാത്രമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, 2017 ൽ ട്രംപിന്റെ കമ്പനികൾ ഇന്ത്യയിൽ 1,45,400 ഡോളർ നികുതിയടച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കഴിഞ്ഞ 15 വർഷത്തിനിടെ 10 വർഷവും ട്രംപ് ആദായനികുതി നൽകിയിട്ടേയില്ല. കച്ചവടമെല്ലാം നഷ്ടമായിരുന്നുവെന്ന് അദ്ദേഹം സത്യവാങ്മൂലം നൽകിയത്. സംഭവം വിവാദമായതോടെ വ്യാജ വാർത്ത എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസിലെ ആദ്യ 2 വർഷം ട്രംപിന്റെ വിദേശ വരുമാനം 7.3 കോടി ഡോളറാണ്. നവംബർ 3നാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല