
സ്വന്തം ലേഖകൻ: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 യുഎസ്സില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘എയര്‍ ഇന്ത്യ വണ്‍’ എന്നപേരിലുള്ള വിമാനം ഇന്ന് ഉച്ചകഴിഞ്ഞാണ് ടെക്‌സാസില്‍ നിന്ന് ഡൽഹി വിമാനത്താവളത്തില്‍ എത്തുക.
വിമാന നിര്‍മാതാക്കളായ ബോയിങ് ഓഗസ്റ്റില്‍ വിമാനം എയര്‍ ഇന്ത്യയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു.വിമാനം ഏറ്റുവാങ്ങുന്നതിനായി ഓഗസ്റ്റ് ആദ്യ പകുതിയിലാണ് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യുഎസിലെത്തിയിരുന്നത്.
വിവിഐപികളുടെ യാത്രയ്ക്കായി പ്രത്യേകമായി നിര്‍മ്മിച്ച മറ്റൊരു ബി 777 വിമാനവും തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയിലെത്തിക്കുന്ന തീയതി പിന്നീടറിയിക്കും. വിവിഐപി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും വിതരണം ജൂലൈ മാസത്തോടെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.
നിലവില്‍ ബി 747 വിമാനത്തിലാണ് പ്രധാന മന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ സഞ്ചരിക്കുന്നത്. ഇവര്‍ സഞ്ചരിക്കാത്ത സന്ദര്‍ഭങ്ങളില്‍ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബി 777 മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല