
സ്വന്തം ലേഖകൻ: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് വിട. അമേരിക്കയില്‍ നിന്നും കുവൈത്ത് എയര്‍വേസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിച്ച ഷെയ്ഖ് സബാഹിന്റെ ഭൗതിക ശരീരം അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹും സബാ ഭരണ കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന സംസ്‌കാര ചടങ്ങുകളില്‍ സബാ ഭരണ കുടുംബാംഗങ്ങളും ലോകനേതാക്കളും പങ്കെടുത്തു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ ഉന്നത പ്രതിനിധി സംഘം, യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിഡ് അല്‍ നഹ്യന്റെ പ്രതിനിധി യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൈഫ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും ബിലാല്‍ ബിന്‍ റബാഹ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
കുവൈത്തിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ്, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്‌സ, കൂടാതെ സബാ ഉന്നത കുടുംബ അംഗങ്ങളും സന്നിഹിതരായിരുന്നു. സുലൈബികാത്തു ഖബറിസ്ഥാനിലാണ് ഷെയ്ഖ് സബാഹിന്റെ ഭൗതിക ശരീരത്തിന് അന്ത്യ വിശ്രമം. കുട്ടികളും മുതിര്‍ന്നവരും സ്വദേശികളും വിദേശികളുമടക്കം ലോക ജനത മാനുഷിക മൂല്യങ്ങളുടെ രാജാവിന് വിട നല്‍കി.
കുവൈത്തിന്റെ പതിനാറാമത് അമീറായി ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരമേറ്റു. ബുധനാഴ്ച രാവിലെ നടന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിലാണ് ദേശീയ അസംബ്ലിക്ക് മുമ്പിൽ സത്യപ്രതിജ്ഞചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. ഗൾഫ് മേഖലയിലും ലോക രാജ്യങ്ങൾക്കിടയിലും സമാധാനവും ഐക്യവും നിലനിർത്തുന്നതിന് പൂർവികരുടെ പാത പിന്തുടരുമെന്ന് അമീർ ശൈഖ് നവാഫ് പ്രഖ്യാപിച്ചു.
കിരീടാവകാശിയെന്ന നിലയിൽ 14 വർഷത്തിലേറെ അമീർ ശൈഖ് സബാഹിന് താങ്ങും തണലുമായിനിന്ന സൗമ്യശീലനാണ് കുവൈത്തിന്റെ പുതിയ അമീർ. 2006 ഫെബ്രുവരി 20-നാണ് ശൈഖ് നവാഫ് കിരീടാവകാശി ആയി അധികാരത്തിലെത്തുന്നത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ മരണത്തെത്തുടർന്ന് ശൈഖ് സബാഹ് അമീറായതോടെയാണ് സബാഹ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് കിരീടാവകാശി പദവിയിലെത്തിയത്.
1962-ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 1978-ലും പിന്നീട് 1986-88 കാലത്തും ആഭ്യന്തര മന്ത്രിയായും 1988-ലും 1990-ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1991-ൽ തൊഴിൽസാമൂഹിക മന്ത്രാലയത്തിന്റെ ചുമതലവഹിച്ച അദ്ദേഹം 1994-ൽ നാഷണൽ ഗാർഡ് മേധാവിയായി. 2003-ൽ ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് 2006-ൽ കിരീടാവകാശിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല