
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട് ഫോൺ ആപ്ലിക്കേഷൻ ആയ മെട്രാഷ് -രണ്ടിലൂടെ കമ്പനികൾക്ക് ജീവനക്കാരുടെ റെസിഡൻസി പെർമിറ്റ് ഇനി ഓട്ടോമാറ്റിക് ആയി പുതുക്കാം. കമ്പനികൾക്കായി മെട്രാഷ് 2 വിൽ പുതിയ സീറോ ക്ലിക്ക് സേവനം ഇതിനായി ആരംഭിച്ചതായി മന്ത്രാലയത്തിന്റെ വെർച്വൽ സെമിനാറിലാണ് വ്യക്തമാക്കിയത്.
മെട്രാഷ് 2 വിലൂടെ സീറോ ക്ലിക്കില്‍ റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. മാനുഷിക ഇടപെടല്‍ ഇല്ലാതെ ജീവനക്കാരുടെ ആര്‍പി യഥാസമയങ്ങളില്‍ ഓട്ടോമാറ്റിക്കായി പുതുക്കും. പുതുക്കിയ ഐഡി കമ്പനിയുടെ ഓഫിസില്‍ എത്തുകയും ചെയ്യും.
പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തിൽ ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റ് ആണ് സെമിനാർ നടത്തിയത്. മന്ത്രാലയത്തിന്റെ ഇ -സേവനങ്ങളെ കുറിച്ച് നടത്തിയ സെമിനാറിൽ ഇലക്ട്രോണിക് സർവീസ് വകുപ്പിലെ സ്മാർട്ട് ഡിവൈസ് വിഭാഗം ഓഫീസർ ലെഫ്. മുഹമ്മദ് ഖാലിദ് അൽ തമിമി ആണ് പുതിയ സേവനങ്ങളെക്കുറിച്ചു വിശദീകരിച്ചത്.
മലയാളം ഉള്‍പ്പെടെ 6 ഭാഷകളിലായി 220 തിലധികം സേവനങ്ങള്‍ നൽകുന്ന ആപ്പിന് 20 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗത്തിലും സുരക്ഷിതമായും ഉറപ്പാക്കുന്ന മെട്രാഷ് -2 വിന്റെ സേവനം കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഉപകാരപ്രദം.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നിങ്ങനെ 6 ഭാഷയിലാണ് മെട്രാഷ്-2 വിന്റെ സേവനം. സാധുതയുള്ള ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റും (ആര്‍പി) സ്വന്തം പേരില്‍ ഫോണ്‍ നമ്പറും വേണം മെട്രാഷ്-2 വില്‍ റജിസ്റ്റര്‍ ചെയ്യാന്‍. രേഖകളുടെ കാലാവധി തീയതിയെക്കുറിച്ചും ആപ്പ് ഉപയോക്താവിനെ ഓര്‍മപ്പെടുത്തും. സര്‍ക്കാര്‍ സേവന നടപടികളും പൂർത്തിയാക്കാം.
ആര്‍പി പുതുക്കല്‍ മാത്രമല്ല വാഹന റജിസ്‌ട്രേഷന്‍ മുതല്‍ വാഹനം റദ്ദാക്കല്‍, ലൈസന്‍സ് പുതുക്കല്‍, നമ്പര്‍ പ്ലേറ്റ് മാറ്റല്‍, പിഴ അടയ്ക്കല്‍ തുടങ്ങി ഗതാഗത ലംഘനങ്ങള്‍ വരെ മെട്രാഷ്-2 വിലൂടെ അധികൃതരെ അറിയിക്കാം. ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ജപ്തി വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ പ്രതിനിധികളെ നിയോഗിക്കാനുള്ള അപേക്ഷ നല്‍കാം.
ഗതാഗത ലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ പരാതി നല്‍കാനുള്ള സൗകര്യവും മെട്രാഷിലുണ്ട്. ക്രിമിനല്‍ പരാതികളും സമര്‍പ്പിക്കാം. വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായാല്‍ അക്കാര്യവും മെട്രാഷിലൂടെ അധികൃതരെ അറിയിക്കാം തുടങ്ങി 220 തിലധികം സേവനങ്ങളാണ് കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മെട്രാഷിലൂടെ ലഭിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല