
സ്വന്തം ലേഖകൻ: യാത്രക്കാരെ ആകർഷിക്കാൻ വമ്പൻ ആനുകൂല്യവുമായി ഇത്തിഹാദ് എയർവേയ്സ്. 50 കിലോ സൗജന്യ ബാഗേജ് അലവൻസിനു പുറമെ കൊവിഡ് ടെസ്റ്റും നൽകുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണിത്.
ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയർവേയ്സിൽ ഫസ്റ്റ്, ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വീട്ടിലെത്തി സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത് വർഷാവസാനം വരെ തുടരും.
അതിനിടെ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ഈ മാസം 15 മുതൽ വീണ്ടും യാത്രക്കാർക്കായി തുറക്കുമെന്ന് റാക് സിവിൽ വ്യോമയാന വകുപ്പ് അറിയിച്ചു. തൊഴിൽ വീസക്കാർക്കും വിനോദ സഞ്ചാരികൾക്കും റാസൽഖൈമയിലേയ്ക്ക് മുൻകൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വ്യക്തമാക്കി.
എന്നാൽ, 96 മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സഞ്ചാരികളോ അവരുടെ സ്പോൺസർമാരോ ലാബ് പരിശോധന അല്ലെങ്കിൽ പിസിആർ പരിശോധനയ്ക്കുള്ള ചെലവ് വഹിക്കേണ്ടതാണ്. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിന്റെ ചെലവും വഹിക്കണം. വിനോദ സഞ്ചാരികൾ വരുന്നതിന് നാലു ദിവസം മുൻപ് പിസിആർ പരിശോധന നടത്തണം. കൂടാതെ, അധികൃതർക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകുകയും വേണം.
ഏത് രാജ്യത്ത് നിന്നുള്ളവർക്കും റാസൽഖൈ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിലേയ്ക്ക് പ്രവേശിക്കാം. നേരത്തെ ചാർട്ടേർഡ് വിമാനങ്ങൾ റാക് വിമാനത്താവളം വഴി ഇന്ത്യയിലേയ്ക്ക് പോയിരുന്നു. ദുബായ് വഴി ജൂലൈ ഏഴു മുതൽ യാത്രക്കാരെ യുഎഇയിലേയ്ക്ക് അനുവദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല