
സ്വന്തം ലേഖകൻ: ലോകമാകെയും മേഖലയിലും വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് കൂട്ടായ്മ ഉച്ചകോടി. കോവിഡ് മഹാമാരി വ്യാപിച്ചശേഷം ആദ്യമായാണ് നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് പെങ്കടുക്കുന്ന യോഗം നടക്കുന്നത്.
കോവിഡ് ഉയർത്തുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണ് ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനമെന്ന് അടുത്തിടെ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിഹിദെ സുമ പറഞ്ഞു.
തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫിക്’ പദ്ധതിയിലൂടെ മാത്രമേ ഇതിനെ നേരിടാൻ കഴിയുകയുള്ളൂ. കോവിഡിനൊപ്പം അന്താരാഷ്ട്ര സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്ന രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി സഹകരണം ശക്തിപ്പെടുത്താനുള്ള യഥാർഥ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ വിദേശകാര്യ മന്ത്രിമാരായ എസ്. ജയശങ്കർ, മാരിസ് പെയ്ൻ, തോഷിമിസു മോതെഗി എന്നിവരാണ് ഉച്ചകോടിയിൽ പെങ്കടുക്കുന്നത്. പോംപിയോ മൂന്ന് രാജ്യങ്ങളിലെയും മന്ത്രിമാരുമായി വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു.
ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനം വർധിക്കുന്നതാണ് പ്രധാനമായും വിഷയമായത്. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതും ചർച്ചാ വിഷയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല