
സ്വന്തം ലേഖകൻ: നിക്ഷേപത്തിന് താൽപര്യമുള്ള പ്രവാസികൾക്ക് ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സ്വതന്ത്ര ഉടമസ്ഥാവകാശത്തിൽ വസ്തുവകകൾ വാങ്ങാനും വിൽക്കാനുമുള്ള നടപടികൾ സുഗമമാക്കാൻ പുതിയ ഓഫിസ് പ്രവർത്തനം തുടങ്ങി.
നീതിന്യായ മന്ത്രി ഡോ.ഇസ ബിൻ സാദ് അൽ ജാഫലി അൽ നുഐമിയാണ് പേൾ ഖത്തറിൽ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തത്. നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങൾ ചേർന്നാണ് ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. സ്വദേശികളെ കൂടാതെ ഖത്തറിൽ താമസാനുമതി രേഖയുള്ള പ്രവാസികൾക്കും താമസക്കാർ അല്ലാത്തവർക്കും വസ്തുവകകൾ വാങ്ങാം.
ഷോപ്പിങ് മാളുകളിലും പാർപ്പിട സമുച്ചയങ്ങളിലുമെല്ലാം പുതിയ യൂണിറ്റുകളും വാങ്ങാം. നിശ്ചിത പ്രദേശങ്ങളിൽ മാത്രമാണ് വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി.
പുതിയ ഓഫിസിൽ നിന്ന് ഒറ്റ മണിക്കൂറിനുള്ളിൽ തന്നെ ആധാരം സ്വന്തമാക്കാം. 7,30,000 റിയാലിൽ കുറയാത്ത വസ്തുവകകൾ ആണ് വാങ്ങുന്നതെങ്കിൽ ഉടമസ്ഥാവകാശം അല്ലെങ്കിൽ കൈവശപ്പണയ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ നിക്ഷേപകന് ഖത്തർ താമസാനുമതി രേഖയും ലഭിക്കും.
ഇതിനായി പ്രത്യേക ഓട്ടമേറ്റഡ് സംവിധാനവും ഓഫിസിലുണ്ട്. കുടുംബാംഗങ്ങൾക്കും താമസാനുമതി രേഖ ലഭിക്കും. 36,50,000 റിയാലിൽ കുറയാത്ത മൂല്യത്തിലുള്ള ആസ്തികളാണ് വാങ്ങിയതെങ്കിൽ നിക്ഷേപകന് സ്ഥിര താമസാനുമതി രേഖയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല