
സ്വന്തം ലേഖകൻ: വാക്സീൻ ലഭ്യമായാലുടൻ വിതരണം ഉറപ്പാക്കാൻ ഇന്ത്യയിലേതിനു സമാനമായ നടപടികളുമായി യുകെയും. വാക്സീൻ പരമാവധി ആളുകളിലെത്തിക്കാൻ 5 മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളും തുറക്കും. അടുത്ത മാസം ആദ്യം മുതൽ നടപടികൾ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിസംബറിനു മുമ്പ് വാക്സീൻ ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുകയാണ് യുകെ. അടുത്ത വർഷം ജൂലൈയോടെ വാക്സീൻ ലഭ്യമായാൽ വിതരണത്തിനു ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം അടക്കം നടപടികളിലേക്കു കടക്കുകയാണെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നടക്കുന്ന ഓക്സ്ഫഡ് സർവകലാശാല – അസ്ട്രാസെനക മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലം ഒരു മാസത്തിനുള്ളിൽ തന്നെ ലഭിക്കും. ഇതു മുന്നിൽ കണ്ടാണ് ഒരുക്കങ്ങൾ തുടരുന്നത്.
അതിനിടെ യുകെയിൽ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഉണ്ടാകുമെന്നാണ് സൂചന. ലോക്കൽ ലോക്ക്ഡൗൺ നേരിടുന്ന ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളായിരിക്കും കൂടുതൽ കർശന നിയന്ത്രണങ്ങൾ.
നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ ഒന്നിൽ ബാറുകളും പബ്ബുകളും അടച്ചിടേണ്ടി വരും. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിലെ ആമ്പർ എന്ന വിശേഷിപ്പിക്കപ്പെടുന്ന അലേർട്ട് ലെവൽ രണ്ടിൽ ജനസമ്പർക്കം വീടുകളിലേക്കോ സപ്പോർട്ട് ബബ്ലിലേക്കോ മാത്രമായി പരിമിതപ്പെടുത്തും.
അലേർട്ട് ലെവൽ മൂന്നിൽ വീടുകൾക്ക് പുറത്തുള്ള എല്ലാ സമ്പർക്കങ്ങളും വിലക്കാനാണ് സാധ്യത. ഇത് മാർച്ചിൽ യുകെയിലുടനീളം ചുമത്തിയ ലോക്ക്ഡൗൺ നടപടികൾക്ക് സമാന്തരമാണ്. മുഴുവൻ ഹോസ്പിറ്റാലിറ്റി ലെഷർ ബിസിനസുകളും താത്കാലികമായി അടയ്ക്കുക, വീടുകൾക്ക് പുറത്തുള്ള മുഴുവൻ സമ്പർക്കങ്ങളും നിരോധിക്കുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
പ്രൊഫഷണൽ ഇതര കായിക ഇനങ്ങൾക്ക് പൂട്ട് വീഴും. ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുമെങ്കിലും റെഡ് ലെവലിലേക്ക് പോകുമ്പോൾ അടയ്ക്കേണ്ടി വരും. അലേർട്ട് ലെവൽ രണ്ടിലെ നടപടികളിലൂടെ വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിലോ ഒരു പ്രദേശത്തെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് കാണുന്നുണ്ടെങ്കിലോ മാത്രമാണ് അലേർട്ട് ലെവൽ മൂന്നിലേക്ക് കടക്കുകയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല