
സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള കര, കടല്‍, വിമാനത്താവളങ്ങള്‍ ഭാഗികമായി വീണ്ടും തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സൌദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
അതേസമയം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്സൈറ്റായ മുസാനിദ് വെബ്പോര്‍ട്ടല്‍ ഒക്ടോബര്‍ 31 വരെ പുതിയ കരാറുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 16 നായിരുന്നു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടിക്രമങ്ങള്‍ തൊഴില്‍ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാനുള്ള പുതിയ കാലയളവ് 120 ദിവസമാണെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. റിക്രൂട്ടിംഗ് ലൈസന്‍സുള്ള ഒരു സ്ഥാപനം 120 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ റിക്രൂട്ടിംഗ് സാധ്യമായില്ലെങ്കില്‍ കരാര്‍ സ്വമേധയാ 30 ദിവസത്തേക്ക് കൂടി നീട്ടിനല്‍കും. കരാര്‍ പാലിക്കാത്തതിന് കരാര്‍ മൂല്യത്തിന്റെ 15 ശതമാനം വരെ പിഴ ചുമത്തുകയും ചെയ്യും.
150 ദിവസത്തെ കാലയളവിനുള്ളില്‍ കരാര്‍ റദ്ദാക്കുകയോ വീട്ടുജോലിക്കാരാ സൌദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പരാചയപ്പെടുകയൊ ചെയ്താല്‍ കരാര്‍ മൂല്യം തിരികെ നല്‍കാന്‍ ലൈസന്‍സുള്ള റിക്രൂട്ടിംഗ് സ്ഥാപനം ബാധ്യസ്ഥരാണ്. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ള ഉപഭോക്താവിന് കരാര്‍ മൂല്യത്തിന്റെ 20 ശതമാനം പിഴ നല്‍കേണ്ടിവരികയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല