
സ്വന്തം ലേഖകൻ: കുവൈത്തിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര അനുവദിക്കും.രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയും യാത്രക്കാവശ്യമായ മറ്റു നിബന്ധനകൾ പാലിച്ചും വീട്ടുനിരീക്ഷണത്തിലുള്ളവർക്ക് കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമൊന്നുമില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. കുവൈത്തിലെത്തുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിയമം.
ഇക്കാര്യം ഉറപ്പുവരുത്താനായി ബോർഡിങ് സമയത്തുതന്നെ യാത്രക്കാരൻ പ്രത്യേക സമ്മതപത്രം ഒപ്പിട്ടു നൽകേണ്ടതുണ്ട്. ശ്ലോനിക് ആപ്ലിക്കേഷൻ വഴി 14 ദിവസവും ആരോഗ്യമന്ത്രാലയം ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.എന്നാൽ, ഇൗ കാലയളവിനിടെ ഒരാൾക്ക് കുവൈത്തിന് പുറത്തേക്ക് യാത്രചെയ്യണമെന്നുണ്ടെങ്കിൽ അതിനു സാങ്കേതിക തടസ്സമില്ലെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വിദേശികൾക്കും വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കുവൈത്ത് പൗരന്മാർക്കും ക്വാറൻറീൻ തടസ്സമാകില്ല.
എന്നാൽ, രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് ഇത്തരത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുക. നോ കോവിഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിമാനയാത്രക്കാവശ്യമായ മറ്റു നിബന്ധനകൾ പൂർത്തിയാക്കുകയും വേണം.മാസ്കും ഗ്ലൗസും ധരിക്കാത്തവരെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും തെർമൽ കാമറ പരിശോധനയിലൂടെ ശരീര താപനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നതെന്നും വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല